Skip to content

ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുള്ളൂ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.

” ഇന്ന് ഇന്ത്യൻ ടീം ഓസ്‌ട്രേലിയക്ക് മുൻപിൽ കീഴടങ്ങി, തങ്ങളുടെ കഴിവ്‌ എന്താണെന്ന് ഓസ്‌ട്രേലിയ കാണിച്ചുതന്നു. ഞങ്ങളും കുറഞ്ഞ സ്കോറിന് പുറത്തായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യ ഞങ്ങളേക്കാൾ കുറഞ്ഞ സ്കോറിന് പുറത്തായി. 53 റൺസിനും 59 റൺസിനും ഞങ്ങൾ ഓൾഔട്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യ 36 റൺസിന് പുറത്തായതോടെ ഞങ്ങളുടെ റെക്കോർഡ് മെച്ചപ്പെട്ടു. ഇക്കാര്യത്തിൽ ഞാൻ ഇന്ത്യയെ അനുമോദിക്കുന്നു, ഒരുപാട് നന്ദി ടീം ഇന്ത്യ ” തന്റെ യൂട്യൂബ് ചാനലിൽ അക്തർ പറഞ്ഞു.

” ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് നിര ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്കെതിരെ ഇങ്ങനെ തകർന്നടിയുന്നത് ലജ്ജാകരമാണ്. ഇന്ത്യയുടെ ഈ പ്രകടനം എന്നെ ഞെട്ടിച്ചു, വിമർശനങ്ങൾ അവർ തീർച്ചയായും അർഹിക്കുന്നു. ” അക്തർ കൂട്ടിച്ചേർത്തു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡും, നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ ആർക്കും തന്നെ രണ്ടക്കം കടക്കാൻ സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇന്ത്യ 40 ൽ താഴെ സ്കോറിന് പുറത്താകുന്നത്.

മത്സരത്തിലെ വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി. ഡിസംബർ 26 ന് മെൽബണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.