Skip to content

സെഞ്ചുറി നഷ്ട്ടമായെങ്കിലും കോഹ്ലി സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 74 റൺസ് നേടിയ കോഹ്ലി സെഞ്ചുറിയ്ക്ക് 26 റൺസ് അകലെ റണ്ണൗട്ടിലൂടെയാണ് പുറത്തായത്.

ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. മുൻ ഇന്ത്യൻ നായകൻ മൻസൂർ അലി ഖാൻ പട്ടൗടിയുടെ 51 വർഷം നീണ്ട റെക്കോർഡാണ് കോഹ്ലി തകർത്തത്.

11 മത്സരങ്ങളിൽ ക്യാപ്റ്റനായി ഓസ്‌ട്രേലിയക്കെതിരെ 829 റൺസ് പട്ടൗഡി നേടിയിട്ടുണ്ട്. കോഹ്ലിയാകട്ടെ ഈ പ്രകടനത്തോടെ ഓസ്‌ട്രേലിയക്കെതിരെ ക്യാപ്റ്റനായി 850 റൺസ് പിന്നിട്ടു.

കൂടാതെ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 813 റൺസ് നേടിയ എം എസ് ധോണിയുടെ റെക്കോർഡാണ് കോഹ്ലി തകർത്തത്.

പ്രകടനത്തോടെ അഡ്ലെയ്ഡ് ഓവലിൽ 500 റൺസ് കോഹ്ലി പിന്നിട്ടു. ഇതാദ്യമായാണ് ഒരു വേദിയിൽ കോഹ്ലി 500 ലധികം റൺസ് നേടുന്നത്. സച്ചിൻ ടെണ്ടുൽക്കർക്കും വി വി എസ് ലക്ഷ്‌മണിനും ശേഷം ഓസ്‌ട്രേലിയയിലെ ഒരു വേദിയിൽ 500 ൽ കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് കോഹ്ലി.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സച്ചിനും ലക്ഷ്‌മണും 500 ലധികം ടെസ്റ്റ് റൺസ് നേടിയിട്ടുള്ളത്.