Skip to content

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആര് നേടും ? ഷെയ്ൻ വോണിന്റെ പ്രവചനമിങ്ങനെ

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ 2-1 ന് സ്വന്തമാക്കുമെന്നും അവസാന മൂന്ന് ടെസ്റ്റിലെ കോഹ്ലിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഷെയ്ൻ വോൺ പറഞ്ഞു.

” രണ്ട് വർഷം മുൻപ് നടന്ന പരമ്പര വിജയിക്കാൻ ഇന്ത്യ അർഹരായിരുന്നു, കാരണം അവരായിരുന്നു ഓസ്‌ട്രേലിയയേക്കാൾ മികച്ച ടീം. ക്രിക്കറ്റിലെ നിലവിലെ ഏറ്റവും വലിയ താരമായിരുന്ന കോഹ്ലി ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റെന്നും പറഞ്ഞിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത് ബിസിസിഐയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ അവർ എല്ലായ്പ്പോഴും പിന്തുണച്ചു. ” വോൺ പറഞ്ഞു.

” അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫാസ്റ്റ് ബൗളർമാരും ഐ പി എല്ലിലേക്ക് വരുന്നു അതുകൊണ്ട് തന്നെ യുവ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ലോകോത്തര ബൗളർമാരെ നേരിടാൻ അവസരം ലഭിക്കുന്നു. ഇന്ത്യയും മികച്ച ഫാസ്റ്റ് ബൗളർമാരെ വളർത്തിയെടുക്കുന്നു. ഈ പരമ്പര ഞാൻ ആവേശത്തോടെ യാണ് നോക്കികാണുന്നത്. ” വോൺ പറഞ്ഞു.

” കളിക്കുന്നത് സ്വന്തം നാട്ടിലായതിനാൽ തന്നെ പരമ്പര ഓസ്‌ട്രേലിയ നേടുമെന്ന് ഞാൻ കരുതുന്നു. വിരാട് കോഹ്ലി ഒരേയൊരു മത്സരത്തിൽ മാത്രമാണ് കളിക്കുന്നത്. ഓസ്‌ട്രേലിയാകട്ടെ മികച്ച ടീമുമാണ്. പരമ്പര ഓസ്‌ട്രേലിയ 2-1 ന് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ഷെയ്ൻ വോൺ കൂട്ടിച്ചേർത്തു.