Skip to content

ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കിൽ ടെസ്റ്റ് പരമ്പര 4-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ.

” പിങ്ക് ബോൾ ടെസ്റ്റ് ഈ പരമ്പരയിൽ വളരെ പ്രധാനപ്പെട്ടതാണ്. അഡ്ലെയ്ഡിൽ എല്ലായ്പ്പോഴും ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് പുറത്തെടുക്കാറ്. പിങ്ക് ബോൾ ടെസ്റ്റിൽ ഒരിക്കൽ പോലും അവർ പരാജയപെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ മത്സരം ഓസ്‌ട്രേലിയ വിജയിക്കുകയാണെങ്കിൽ പരമ്പര 4-0 ന് അവർ സ്വന്തമാക്കും, കാരണം ആദ്യ മത്സരത്തിന് ശേഷമുള്ള മൂന്ന് മത്സരത്തിലും കോഹ്ലിയുടെ അഭാവത്തിലാണ് ഇന്ത്യയിറങ്ങുന്നത്. ” മൈക്കൽ വോൺ പറഞ്ഞു.

കഴിഞ്ഞ പര്യടനത്തിൽ നിന്നും ഓസ്‌ട്രേലിയ ഏറെ മെച്ചപ്പെട്ടുവെന്നും ഓസ്‌ട്രേലിയ ഇപ്പോൾ ശക്തമായ ടെസ്റ്റ് ടീമാണെന്നും വോൺ പറഞ്ഞു.

” രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയയേക്കാൾ ശക്തരായിരുന്നു. ബുംറയും ഷാമിയും ഇഷാന്ത് ശർമ്മയും അശ്വിനും അടങ്ങുന്ന ബൗളിങ് നിരയും ചേതേശ്വർ പുജാരയടങ്ങുന്ന ബാറ്റിങ് നിരയിൽ ഓസ്‌ട്രേലിയയേക്കാൾ വളരെ മികച്ചതായിരുന്നു. എന്നാൽ അതിന് പ്രധാന കാരണം ഡേവിഡ് വാർണറിന്റെയും സ്റ്റീവ് സ്മിത്തിന്റെയും മാർനസ് ലാബുഷെയ്ന്റെയും അഭാവമായിരുന്നു. ഓസ്‌ട്രേലിയ ഇപ്പോൾ ശക്തരായ ടെസ്റ്റ് ടീമാണ്. ഇംഗ്ലണ്ടിൽ നടന്ന ആഷസ് അവർ നിലനിർത്തി. ക്യാപ്റ്റനെന്ന നിലയിൽ ടിം പെയ്നും ഒരുപാട് മെച്ചപ്പെട്ടു ” വോൺ കൂട്ടിച്ചേർത്തു.

ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്.