Skip to content

ആദ്യ ടെസ്റ്റിൽ പന്തല്ല ഇറങ്ങേണ്ടത്, സാഹ കളിക്കണം ; കാരണം വ്യക്തമാക്കി സഞ്ജയ് മഞ്ജരേക്കർ

അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിനായി ഒരുങ്ങുമ്പോൾ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ പ്രധാൻ വെല്ലുവിളിയായിരിക്കും വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുന്നത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരങ്ങളിൽ റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവർ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ആദ്യ സന്നാഹ മത്സരത്തിൽ മറ്റ് ബാറ്റ്സ്മാന്മാർ റൺസ് നേടാൻ ബുദ്ധിമുട്ടിയപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് സാഹ നിർണായകമായ അർധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ സെലക്ഷൻ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സഞ്ജയ് മഞ്ജരേക്കർ.

ട്വിറ്ററിലെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിലാണ് സഞ്ജയ് മഞ്ജരേക്കർ സാഹയെ തിരഞ്ഞെടുത്തത്. ടെസ്റ്റിലെ വിക്കറ്റ് കീപ്പിംഗ് കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

” ടെസ്റ്റുകളിൽ എല്ലായ്പ്പോഴും കീപ്പിങ് കഴിവിന്റെ അടിസ്ഥാനത്തിലയിരിക്കണം. തുടക്കത്തിൽ തന്നെ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് പാഴാക്കിയാൽ, അദ്ദേഹം 200 നേടും! അതിനാൽ സാഹയെയാണ് ഞാൻ സെലക്ട് ചെയ്യുക. ഓസ്‌ട്രേലിയയിലെ പേസിനെതിരെ മികച്ച കീപ്പർ കൂടി ആവശ്യമാണ്. ” മഞ്ജരേക്കർ ട്വീറ്റ് ചെയ്തു.

സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ആക്രമിച്ച്‌ കളിച്ച റിഷഭ് പന്ത് രണ്ടാം ദിനത്തിലെ അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച്‌ സെഞ്ചുറിയിലെത്തി. 73 പന്തില്‍ ഒമ്ബത് ഫോറും ആറ് സിക്സും അടക്കം 103 റണ്‍സെടുത്ത പന്തും 104 റണ്‍സുമായി വിഹാരിയും പുറത്താകാതെ നിന്നു.