Skip to content

ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഈ കാലഘട്ടത്തിലെ ബൗളർമാരിൽ താൻ നേരിടാൻ ആഗ്രഹിക്കുന്ന ബൗളറാരെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അഫ്ഘാനിസ്ഥാൻ സ്പിന്നറും നാഷണൽ ടീമിന്റെ ക്യാപ്റ്റനും കൂടിയായ റാഷിദ് ഖാനെതിരെ ബാറ്റ് ചെയ്യുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സച്ചിൻ പറഞ്ഞു.

” ഈ കാലഘട്ടത്തിലെ ബൗളർമാരിൽ ആരെയാണ് ഞാൻ നേരിടാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാൽ അതിനുത്തരം റാഷിദ് ഖാൻ എന്നായിരിക്കും ! അവന്റെ ബൗളിങിനെ പറ്റി ഒരുപാട് പേർ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്, അവന്റെ ബൗളിങ് ഞാനും ആസ്വദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവനെ നേരിടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

” ഗൂഗ്ലി, ലെഗ് സ്പിൻ, ടോപ് സ്പിൻ അങ്ങനെ ഒരുപാട് വാരിയേഷൻ അവനന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ അവനെ നേരിടുകയെന്നത് രസകരമാകും ” സച്ചിൻ കൂട്ടിച്ചേർത്തു.

2015 ൽ അഫ്ഘാനിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ 4 ടെസ്റ്റ് മത്സരവും 71 ഏകദിനവും 48 ടി20 മത്സരങ്ങളിലും രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 245 വിക്കറ്റുകൾ നേടിയ റാഷിദ് ഖാൻ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തും ഏകദിന റാങ്കിങിൽ പതിനൊന്നാം സ്ഥാനത്തുമാണ്.

ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ റാഷിദ് ഖാൻ 62 മത്സരങ്ങളിൽ നിന്നും 75 വിക്കറ്റുകൾ നേടിയിട്ടുണ്ട്.