Skip to content

സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ സഞ്ജു സംസന്റെയും ശ്രേയസ് അയ്യരുടെയും മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

” തുറന്നുപറഞ്ഞാൽ അവർ അധികം ദൂരെയല്ല, സഞ്ജുവിന് അവസരങ്ങൾ ലഭിച്ചു എന്നാലത് വേണ്ടവിധം വിനിയോഗിക്കാൻ അവന് സാധിച്ചില്ല. ശ്രേയസ് അയ്യരുടെയും കാര്യം മറിച്ചല്ല, ഈ പര്യടനത്തിലെ അവന്റെ പ്രകടനവും മോശമായിരുന്നു. അവർക്കൊപ്പം തന്നെ മനീഷ് പാണ്ഡെയും തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

” സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷന്റെയും അവസരം അടുത്തെത്തികഴിഞ്ഞു, അതിനൊപ്പം തന്നെ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലാകുന്നതും കണക്കിലെടുത്താൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവർക്ക് അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. ഈ ഐ പി എൽ സീസണിലെ പ്രകടനം അടുത്ത സീസണിലും തുടരാൻ സാധിച്ചാൽ തീർച്ചയായും അവരിരുവരും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെ നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ 5 ടി20 മത്സരളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി സൂര്യകുമാർ യാദവും ഇഷാൻ കിഷനും കാഴ്ച്ചവെച്ചത്. ഇഷാൻ കിഷൻ 14 മത്സരങ്ങളിൽ നിന്നും 516 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് 16 മത്സരങ്ങളിൽ നിന്നും 480 റൺസ് നേടിയിരുന്നു.