Skip to content

ഫിഫ്റ്റി നേടി രക്ഷകനായി ജസ്പ്രീത് ബുംറ, പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ

ഓസ്‌ട്രേലിയ എ യ്ക്കെതിരായ പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടി പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ എ യെ 108 റൺസിന് പുറത്താക്കി 86 റൺസിന്റെ ലീഡ് സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിൽ ബാറ്റിങിറങ്ങിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ 123 റൺസ് 9 വിക്കറ്റുകൾ നഷ്ട്ടമായെങ്കിലും അവസാന വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത ജസ്പ്രീത് ബുംറ – മൊഹമ്മദ് സിറാജ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സിറാജ് 22 റൺസ് നേടി പുറത്തായപ്പോൾ ജസ്പ്രീത് ബുംറ 57 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബുംറയുടെആദ്യ ഫിഫ്റ്റിയാണിത്.

( Picture Source : Twitter )

43 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 29 പന്തിൽ 40 റൺസ് നേടിയ പൃഥ്വി ഷായുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റു ബാറ്റ്‌സ്മാന്മാർ.

( Picture Source : Twitter )

മറുപടിയായി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ എയ്ക്ക് വേണ്ടി 32 റൺസ് നേടിയ ക്യാപ്റ്റൻ അലക്‌സ് കാരി മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി, നവ്ദീപ് സെയ്നി എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ 2 വിക്കറ്റും മൊഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

( Picture Source : Twitter )

പരിശീലന മത്സരത്തിന് ശേഷം ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.