Skip to content

കോഹ്ലിയല്ല, ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; പാർത്ഥിവ് പട്ടേൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ഒരു ഫോർമാറ്റിൽ രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറുന്നതിൽ കുഴപ്പമില്ലെന്നും അത് വിരാട് കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാകുമെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” ഒരു ടീമിനെ എങ്ങനെ വളർത്തിയെടുക്കണമെന്ന് രോഹിത് ശർമ്മ കാണിച്ചുതന്നിട്ടുണ്ട്. ടൂർണമെന്റുകൾ എങ്ങനെ വിജയിക്കണമെന്നും അവനറിയാം. എനിക്ക് തോന്നുന്നു ഒരു ഫോർമാറ്റിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. അത് വിരാട് കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” രോഹിത് ശർമ്മ ഒരുപാട് ടൂർണ്ണമെന്റിൽ വിജയിച്ചിട്ടുണ്ട്. സമ്മർദ്ദ ഘട്ടങ്ങളിൽ അവന്റെ തീരുമാനങ്ങൾ മികച്ചതാണ്. എല്ലാ സീസണിലും മുംബൈയ്ക്ക് മികച്ച ടീമല്ല ഉള്ളത്. എന്നിരുന്നാലും കളിക്കാരെ വളർത്തി മികച്ച ഫലങ്ങൾ അവൻ ഉണ്ടാക്കിയെടുത്തു. അതുകൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ രോഹിത് ശർമ്മയായിരിക്കണം ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത്. ടൂർണമെന്റിന് മുൻപ് തന്നെ അവനെ ക്യാപ്റ്റനായി നിയമിക്കണം. ” അദ്ദേഹം കൂട്ടിച്ചേർത്തു.

സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച പാർത്ഥിവ് പട്ടേൽ മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ടിൽ ചേർന്നിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപുറകെയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പാർത്ഥിവ് പട്ടേലിനെ ടീമിന്റെ ഭാഗമാക്കിയത്.