Skip to content

അത് അർഹിക്കുന്നത് നിനക്കാണ്, മാൻ ഓഫ് ദി സിരീസ് അവാർഡ് നടരാജന് സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മാൻ ഓഫ് ദി സിരീസ് അവാർഡ് യഥാർത്ഥത്തിൽ അർഹിക്കുന്നത് ഫാസ്റ്റ് ബൗളർ ടി നടരാജനാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മൂന്നാം മത്സരത്തിന് ശേഷം തനിക്ക് കിട്ടിയ മാൻ ഓഫ് ദി സിരീസ് ട്രോഫി നടരാജന് ഹാർദിക് പാണ്ഡ്യ കൈമാറിയിരുന്നു. ഇതിനുപുറമെയാണ് ട്വിറ്ററിലൂടെ യുവതാരത്തെ പാണ്ഡ്യ അഭിനന്ദിച്ചത്.

” നടരാജൻ ഈ പരമ്പരയിൽ നിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തിൽ തന്നെ ഇത്തരത്തിൽ പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചത് നിന്റെ കഴിവും കഠിനപ്രയത്നവും കാണിച്ചുതരുന്നു. നീയാണ് യഥാർത്ഥത്തിൽ മാൻ ഓഫ് ദി സിരീസ് ” ഹാർദിക് പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു.

പര്യടനത്തിൽ ഏകദിന അരങ്ങേറ്റത്തിൽ 2 വിക്കറ്റുകൾ വീഴ്ത്തിയ നടരാജൻ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 6 വിക്കറ്റുകൾ നേടിയിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ മൂന്നാം മത്സരത്തിൽ 12 റൺസിനാണ് പരാജയപെട്ടത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ വിരാട് കോഹ്ലി 61 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 85 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാലോവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്വെപ്സനാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 53 പന്തിൽ 80 റൺസ് നേടിയ മാത്യൂ വേഡിന്റെയും 36 പന്തിൽ 54 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും മികവിലാണ് മികച്ച സ്കോറിൽ എത്തിയത്.