Skip to content

ആ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

മത്സരത്തിൽ 61 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 85 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് 25 ആം തവണയാണ് വിരാട് കോഹ്ലി 50+ റൺസ് പിന്നിടുന്നത്.

വെറും 79 ഇന്നിങ്സിൽ 25 ലും കോഹ്ലി 50 ലധികം റൺസ് നേടിയപ്പോൾ 100 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് ശർമ്മ 25 തവണ 50+ റൺസ് നേടിയത്. എന്നാൽ അന്താരാഷ്ട്ര ടി20യിൽ ഇതുവരെയും സെഞ്ചുറി നേടാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല.

രോഹിത് ശർമ്മയാകട്ടെ 21 ഫിഫ്റ്റിയും 4 സെഞ്ചുറിയും അന്താരാഷ്ട്ര ടി20യിൽ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയ ബാറ്റ്സ്മാന്മാർ

  1. വിരാട് കോഹ്ലി – 25
  2. രോഹിത് ശർമ്മ – 25
  3. ഡേവിഡ് വാർണർ – 19
  4. പോൾ സ്റ്റിർലിങ് – 18
  5. മാർട്ടിൻ ഗപ്റ്റിൽ – 17
  6. ബാബർ അസം – 16

79 ഇന്നിങ്സിൽ നിന്നും 50.48 ശരാശരിയിൽ 2928 റൺസ് നേടിയ വിരാട് കോഹ്ലി തന്നെയാണ് അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനും. മറുഭാഗത്ത് റൺവേട്ടയിൽ കോഹ്ലിക്ക് പുറകിലുള്ള രോഹിത് ശർമ്മ 100 ഇന്നിങ്സിൽ നിന്നും 32.62 ശരാശരിയിൽ 2773 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.