Skip to content

സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ല, ഇന്ത്യ റിഷാബ് പന്തിന് അവസരം നൽകണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥൻ

മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സഞ്ജു സാംസണ് കഴിയാത്ത സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് ഇന്ത്യ അവസരം നൽകണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥരിലൊരാളായ പാർത് ജിൻഡൽ. ഐ പി എല്ലിലെ മോശം ഫോമിനെ തുടർന്ന് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളിൽ നിന്നും റിഷാബ് പന്ത് ഒഴിവാക്കപെട്ടിരുന്നു. ടെസ്റ്റ് ടീമിൽ മാത്രമാണ് റിഷാബ് പന്തിനെ ഉൾപ്പെടുത്തിയത്.

ഇതിനുപുറകെ ഓസ്‌ട്രേലിയ എയും ഇന്ത്യ എ യും തമ്മിലുള്ള പരിശീലന മത്സരത്തിലും റിഷാബ് പന്തിന് അവസരം ലഭിച്ചിരുന്നില്ല. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പറായി ഇന്ത്യ എ യ്ക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയത്.

” സഞ്ജു വേണ്ടത്ര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ല സാഹയാകട്ടെ പൂജ്യത്തിന് പുറത്തായി. അതുകൊണ്ട് ഇന്ത്യ പന്തിന് അവസരം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അവൻ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനാണ്. അവനൊരു ഇടംകയ്യൻ ബാറ്റ്സ്മാനാണ് എന്നത് മറ്റൊരു മുതൽകൂട്ടാണ്. ” ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 15 പന്തിൽ 23 റൺസും രണ്ടാം മത്സരത്തിൽ 10 പന്തിൽ 15 റൺസും നേടിയാണ് സഞ്ജു പുറത്തായത്.

ഐ പി എല്ലിൽ 14 മത്സരങ്ങളിൽ നിന്നും 158.89 സ്‌ട്രൈക്ക് റേറ്റിൽ 375 റൺസ് സഞ്ജു നേടിയപ്പോൾ 14 മത്സരങ്ങളിൽ നിന്നും 113.95 സ്‌ട്രൈക്ക് റേറ്റിൽ 343 റൺസ് റിഷാബ് പന്ത് നേടി.