Skip to content

എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും ക്ലബിന് വേണ്ടി കളിക്കുമ്പോഴും മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ തനിക്ക് എല്ലായ്പ്പോഴും പ്രചോദനം വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡാണെന്ന് ഹാർദിക് പാണ്ഡ്യ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് പൊള്ളാർഡിന്റെ സ്വാധീനത്തെ കുറിച്ച് പാണ്ഡ്യ തുറന്നുപറഞ്ഞത്.

” സ്വന്തം രാജ്യത്തിന് വീണ്ടും ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയും പൊള്ളാർഡ് ഒരുപാട് തവണ മത്സരങ്ങൾ ഫിനിഷ് ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് അദ്ദേഹമാണ് എല്ലായ്പ്പോഴും പ്രചോദനമായത്. മുൻപ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ” പാണ്ഡ്യ പറഞ്ഞു.

” ക്ലബ്ബ് ക്രിക്കറ്റിൽ ഒരു പ്രൊഫഷണൽ മത്സരമെന്ന രീതിയിലാണ് നിങ്ങൾ പ്രകടനം പുറത്തെടുക്കേണ്ടത്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ രാജ്യത്തിനോടുള്ള സ്‌നേഹത്തിനാണ് മുൻഗണന. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സമ്മർദ്ദം കൂടുതലായിരിക്കും. ഐ പി എല്ലിൽ നന്നായി ബാറ്റ് ചെയ്യാൻ എനിക്ക് സാധിച്ചു. ലോക്ഡൗണിൽ എങ്ങനെ മത്സരങ്ങൾ ഫിനിഷ് ചെയ്യണമെന്നും ഞാൻ പരിശീലിച്ചിരുന്നു. ” പാണ്ഡ്യ കൂട്ടിച്ചേർത്തു.

പര്യടനത്തിൽ മികച്ച പ്രകടനമാണ് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 76 പന്തിൽ 90 റൺസ് നേടിയ പാണ്ഡ്യ രണ്ടാം മത്സരത്തിൽ 28 റൺസും മൂന്നാം മത്സരത്തിൽ 76 പന്തിൽ 92 റൺസും നേടി.

സിഡ്‌നിയിൽ നടന്ന രണ്ടാം ടി20യിൽ 22 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ 6 വിക്കറ്റിന് വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തത്.