Skip to content

ഫിഞ്ചിന്റെ അഭാവത്തിൽ എന്തുകൊണ്ടാണ് സ്മിത്ത് ക്യാപ്റ്റനാകാതിരുന്നത് ? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ കോച്ച്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഹെഡ് കോച്ച് ജസ്റ്റിൻ ലാങർ. ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ മാത്യു വേഡായിരുന്നു മത്സരത്തിൽ ഓസ്‌ട്രേലിയയെ നയിച്ചത്.

വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ചതിനാൽ ഫിഞ്ചിന്റെ അഭാവത്തിൽ സ്മിത്ത് ക്യാപ്റ്റനായേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നാണ് സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കിയത്. ഒരു വർഷത്തെക്ക് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിലക്കിയതിനൊപ്പം രണ്ട് വർഷത്തേക്ക് ക്യാപ്റ്റൻസിയിൽ നിന്നും സ്മിത്തിന് വിലക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തോടെ സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസി വിലക്കും അവസാനിച്ചിരുന്നു.

” മാത്യൂ വേഡായിരുന്നു കഴിഞ്ഞ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ. സ്റ്റീവ് സ്മിത്ത് മികച്ച പ്രകടനം ക്യാപ്റ്റനായി കാഴ്ച്ചവെച്ചിട്ടുണ്ട്. എന്നാൽ വീണ്ടും ക്യാപ്റ്റനാകുന്നതിന് മുൻപ് നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അത് തീർച്ചയായും ഞങ്ങൾ പരിഗണിക്കും. എന്നാൽ ഇപ്പോഴും ക്യാപ്റ്റൻസി ടൈറ്റിൽ ഇല്ലാതെ തന്നെ അവൻ നായകമികവ് ഓസ്‌ട്രേലിയക്ക് വേണ്ടി പുറത്തെടുക്കുന്നു. ” ലാങർ പറഞ്ഞു.

ക്യാപ്റ്റനാകാൻ വീണ്ടും അവസരം ലഭിച്ചാൽ മികച്ച പ്രകടനം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെയ്ക്കുമെന്ന് മാത്യൂ വേഡും കൂട്ടിച്ചേർത്തു.