Skip to content

അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഹാർദിക് പാണ്ഡ്യയെ മുൻ ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുമായും യുവരാജ് സിങ്ങുമായും താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ.

ഹാർദിക് പാണ്ഡ്യ എം എസ് ധോണിയും യുവരാജ് സിങും ഉൾപെട്ട കാറ്റഗറിയിലുള്ള ബാറ്റ്‌സ്മാന്മാനാണെന്നും അതുകൊണ്ട് തന്നെ ഹാർദിക് പാണ്ഡ്യയുടെ ഈ പ്രകടനം തന്നെ അത്ഭുതപെടുത്തുന്നില്ലയെന്നും പാണ്ഡ്യ പറഞ്ഞു.

” ഇത്തരത്തിലുള്ള പ്രകടനങ്ങൾ ഐ പി എല്ലിലും അവൻ കാഴ്ച്ചവെച്ചിരുന്നു. ആ പ്രകടനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ഇത്തരം പ്രകടനങ്ങൾ മുംബൈ ഇന്ത്യൻസിന് വേണ്ടിയും അവൻ കാഴ്‌ച്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് ഞായറാഴ്ച്ചയിലെ അവന്റെ പ്രകടനം പുതുമയല്ല ” ഗംഭീർ പറഞ്ഞു.

” ഹാർദിക് പാണ്ഡ്യയെ പോലെ വളരെ കുറച്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് ഉള്ളത്. മുൻപ് യുവരാജ് സിങും എം എസ് ധോണിയുമുണ്ടായിരുന്നു ഇപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലും. ഏതൊരു വിജയലക്ഷ്യവും ടീം ടോട്ടലും മറികടക്കാൻ അവർക്ക് സാധിക്കും. അവസാന ഓവറിൽ 20- 25 റൺസ് വേണമെങ്കിൽ പോലും ഈ താരങ്ങൾക്ക് അത് നേടാൻ സാധിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ടാകും ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

പര്യടനത്തിൽ ഇതുവരെ 268 റൺസ് ഹാർദിക് പാണ്ഡ്യ നേടിയിട്ടുണ്ട്. തകർപ്പൻ പ്രകടനത്തിന് പുറകെ ടെസ്റ്റ് പരമ്പരയിലും ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തണമെന്ന് ആരാധകരും മുൻ താരങ്ങളും ആവശ്യമുന്നയിക്കുന്നുണ്ട്.