Skip to content

അടിച്ചുതകർത്ത് പാണ്ഡ്യയും കോഹ്ലിയും, സിഡ്‌നിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. വിജയത്തോടെ ടി20 പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി.

22 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെയും 24 പന്തിൽ 40 റൺസ് നേടിയ വിരാട് കോഹ്ലിയുടെയും 36 പന്തിൽ 52 റൺസ് നേടിയ ശിഖാർ ധവാന്റെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 22 പന്തിൽ 30 റൺസ് നേടിയപ്പോൾ സഞ്ജു സാംസൺ 10 പന്തിൽ 15 റൺസും ശ്രേയസ് അയ്യർ 5 പന്തിൽ 12 റൺസും നേടി.

നാലോവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്വെപ്സൺ മാത്രമാണ് ഓസ്‌ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 32 പന്തിൽ 58 റൺസ് നേടിയ മാത്യൂ വേഡിന്റെയും 38 പന്തിൽ 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് മികച്ച സ്കോറിൽ എത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി നടരാജൻ നാലോവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.