Skip to content

ബൗൺസർ നേരിടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ പകരക്കാരനെ അർഹിക്കുന്നില്ല, സുനിൽ ഗാവസ്‌കർ

കൺകഷൻ സബ്സ്റ്റിറ്റൂട്ട് നിയമത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. താൻ പഴയചിന്താഗതിക്കാരനാണെന്നും അതുകൊണ്ട് തന്നെ ബൗളറുടെ ബൗൺസറുകൾ നേരിടാൻ സാധിക്കുന്നില്ലയെങ്കിൽ നിങ്ങൾ കൺകഷൻ സബ്സ്റ്റിറ്റൂട്ട് അർഹിക്കുന്നില്ലയെന്നും ഗാവസ്‌കർ വ്യക്തമാക്കി.

” ഞാൻ പഴയചിന്താഗതിക്കാരനായതു കൊണ്ടാകാം ഈ നിയമത്തോട് എനിക്ക് യോജിപ്പില്ല. ബൗൺസറുകൾ നേരിടാൻ സാധിക്കാതെ പന്ത് ഹെൽമെറ്റിൽ കൊണ്ടാൽ പകരക്കാരനെ ബാറ്റ്‌സ്മാൻ അർഹിക്കുന്നില്ലയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ” ഗാവസ്‌കർ പറഞ്ഞു.

എന്നാൽ ഇപ്പോൾ ഇത്തരത്തിലൊരു നിയമമുള്ളതിനാൽ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ചഹാലെത്തിയതിൽ കുഴപ്പങ്ങളില്ലയെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

” മാച്ച് റഫറി ഓസ്‌ട്രേലിയക്കാരനാണ്. മുൻ ഓസ്‌ട്രേലിയൻ താരമായ ഡേവിഡ് ബൂണാണ് മാച്ച് റഫറി, ജഡേജയ്ക്ക് പകരക്കാരനായി ചഹാലെത്തുന്നതിൽ അദ്ദേഹം അനുവദിച്ചു. ചഹാൽ ഒരു ഓൾ റൗണ്ടറല്ല എന്ന് നിങ്ങൾക്ക് വാദിക്കാം. എന്നാൽ ബാറ്റ് ചെയ്യാനെത്തി ഒരു2 റൺ നേടിയാൽ പോലും എന്നെ സംബന്ധിച്ച് ആ കളിക്കാരൻ ഓൾ റൗണ്ടറാണ്. കൂടാതെ അവൻ പന്തുമെറിയുന്നു അതുകൊണ്ട് തന്നെ അത് ശരിയായ സബ്സ്റ്റിറ്റൂഷനാണ്. ഓസ്‌ട്രേലിയൻ മാച്ച് റഫറിയ്ക്ക് എതിർപ്പുകൾ ഇല്ലയെങ്കിൽ പിന്നെന്തിനാണ് ഇത്രയും വിവാദങ്ങൾ ” ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ചഹാൽ പകരക്കാരനായി എത്തുന്നതിൽ മത്സരത്തിലെ ആദ്യ ഇന്നിങ്സിന് ശേഷമുള്ള ഇടവേളയിൽ തന്നെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചഹാൽ ജഡേജയ്ക്ക് സമാനനായ പകരക്കാരനല്ലെന്ന് ഓസ്‌ട്രേലിയൻ താരം മോയിസസ് ഹെൻറിക്സും മത്സരശേഷം അഭിപ്രായപെട്ടിരുന്നു.

മത്സരത്തിൽ ജഡേജയ്ക്ക് പകരക്കാരനായി എത്തിയ ചഹാൽ നാലോവറിൽ 25റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കൺകഷൻ സബ്സ്റ്റിറ്റൂട്ടായി എത്തി മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന ആദ്യ താരമാണ് യുസ്‌വെന്ദ്ര ചഹാൽ.