Skip to content

ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടി20 മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്‌ച്ചവെച്ചത്. നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകൾ മത്സരത്തിൽ നടരാജൻ നേടി. മത്സരശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ കൂന്തൽമുനയായ ജസ്പ്രീത് ബുംറയുമായുള്ള നടരാജന്റെ അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.

സെവാഗ് ചൂണ്ടിക്കാട്ടിയ സാമ്യതകൾ

1. ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയിലാണ് ജസ്പ്രീത് ബുംറയും ടി നടരാജനും ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചത്.

2. പകരക്കാരായാണ് ഇരുവരും പ്ലേയിങ് ഇലവനിൽ അവസരം നേടിയത്. 2015-16 ൽ നടന്ന പരമ്പരയിൽ മൊഹമ്മദ് ഷാമിയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ജസ്പ്രീത് ബുംറയ്ക്ക് അവസരം ലഭിച്ചത്. മറുഭാഗത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് നടരാജൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്.

3. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാൽ ഇരുവരും അരങ്ങേറ്റം കുറിച്ച ആ മത്സരങ്ങളിൽ മാത്രമാണ് ആ പരമ്പരയിൽ ഇന്ത്യ വിജയിച്ചത്.

4. ഏകദിന അരങ്ങേറ്റത്തിൽ ഇരുവരും രണ്ട് വിക്കറ്റുകൾ വീതമാണ് നേടിയത്.

5. ടി20 അരങ്ങേറ്റത്തിലും ഇരുവരും മൂന്ന് വിക്കറ്റുകൾ വീതമാണ് നേടിയത്. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ ബുംറ 23 വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയതെങ്കിൽ കാൻബറയിൽ നടന്ന മത്സരത്തിൽ നടരാജൻ 30 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.