Skip to content

കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദം ; അതൃപ്തി പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ കോച്ച്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടാനെ സാധിച്ചുള്ളൂ.

രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി എത്തിയ യുസ്‌വേന്ദ്ര ചഹാലാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാലോവറിൽ 25 റൺസ് വഴങ്ങിയ ചഹാൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ് എന്നിവരെ പുറത്താക്കി. നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി നടരാജൻ ചഹാലിന് മികച്ച പിന്തുണ നൽകി.

ജഡേജയുടെ കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദം ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. അവസാന ഓവറിൽ സ്റ്റാർക്കിന്റെ ബൗണ്സറിൽ ഹെല്മെറ്റിൽ പന്ത് പതിക്കുകയായിരുന്നു. പരിക്കൊന്നും സംഭവിക്കാത്തതിനാൽ ശേഷിക്കുന്ന പന്തും നേരിട്ടതിന് ശേഷമാണ് ജഡേജ കളം വിട്ടത്. ഓസ്‌ട്രേലിയ ചെയ്‌സിങിന് ഇറങ്ങും മുമ്പാണ് കൺകഷൻ സബ്സ്റ്റിറ്റായി ചാഹലിനെ ഇറക്കിയ കാര്യം പുറത്തുവിട്ടത്.

ബാറ്റിങ്ങിനിടെ ജഡേജയ്ക്ക് വലത് തുടയിലും പരിക്കേറ്റിരുന്നു. എന്നിട്ടും ബാറ്റിംഗ് തുടർന്ന ജഡേജ മുടന്തി കൊണ്ടായിരുന്നു ഓടിയത്. ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ജസ്റ്റിൻ ലാംഗർ മത്സരത്തിനിടെ രംഗത്തെത്തിയിരുന്നു. മാച്ച് റഫറിയുമായി തർക്കിക്കുന്നതും ലൈവിനിടെ കാണിച്ചിരുന്നു.

മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെ തലയിൽ പന്തിടിച്ചു പരുക്കേറ്റാൽ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാൻ തടസ്സമില്ല. ഹെൽമെറ്റിൽ പന്ത് കൊണ്ടിട്ടും പരിക്കൊന്നും പറ്റാതെ ബാറ്റിംഗ് തുടർന്ന ജഡേജയ്ക്ക് എങ്ങനെയാണ് ഈ നിയമം ബാധകമാവുകയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.