Skip to content

ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെ കളിക്കാൻ അനുവദിച്ച തീരുമാനത്തിനെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്‌സ്.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസർ ജഡേജയുടെ ഹെൽമെറ്റിൽ കൊണ്ടിരുന്നു. തുടർന്ന് ഇന്ത്യയുടെ ബാറ്റിങിന് ശേഷമാണ് കൺകഷൻ നിയമം ഉപയോഗിച്ച് ജഡേജയ്ക്ക് പകരക്കാരനായി ചഹാലിനെ കളിക്കാൻ അനുവദിച്ചത്.

ആ ഇടവേളയിൽ തന്നെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ ഐസിസി മാച്ച് റഫറിയോട് അതൃപ്തി അറിയിച്ചിരുന്നു. മത്സരത്തിലാകട്ടെ നാലോവറിൽ 26 റൺസ് മൂന്ന് നിർണായക വിക്കറ്റുകൾ ചഹാൽ വീഴ്ത്തുകയും മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കുകയും ചെയ്തു.

” പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടിരുന്നു ശേഷം കൺകഷൻ ഉണ്ടായിരിക്കാം. അതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. എന്നാൽ അവിടെ പകരക്കാരനായി എത്തിയത് ജഡേജയോട് സമാനനായ കളിക്കാരനാണോ ? ജഡേജ ഒരു ഓൾ റൗണ്ടറാണ്. അവനാകട്ടെ ബാറ്റിങ് പൂർത്തിയാക്കുകയും ചെയ്തു. ചഹാലാകട്ടെ ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറും. ” ഹെൻറിക്‌സ് പറഞ്ഞു.

” ഐസിസിയുടെ നിയമത്തിൽ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. പകരക്കാരനെ കളിക്കാൻ അനുവദിക്കുന്നതിലും ഞങ്ങൾക്ക് അതൃപ്തിയില്ല. എന്നാൽ സമാനനായ പകരക്കാരനെ വേണം കളിക്കുവാൻ അനുവദിക്കേണ്ടത് ” ഹെൻറിക്‌സ് കൂട്ടിച്ചേർത്തു.