Skip to content

ഒരു ഓവറിന് 25 റൺസ് പിഴ, കുറഞ്ഞ ഓവർ നിരക്കിന് തടയിടാൻ പുതിയ നിർദ്ദേശവുമായി ഷെയ്ൻ വോൺ

ഏകദിന ക്രിക്കറ്റിലെ കുറഞ്ഞ ഓവർ നിരക്കിന് തടയിടാൻ പുതിയ നിർദ്ദേശം മുൻപോട്ട് വെച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ കുറഞ്ഞ ഓവർ മത്സരങ്ങളുടെ ദൈർഘ്യം വർധിക്കുന്നതാണ് ഷെയ്ൻ വോണിനെ ചൊടിപ്പിച്ചത്.

കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് മാച്ച് ഫീയുടെ 20% പിഴശിക്ഷയായി വിധിച്ചിരുന്നു. എന്നാൽ പിഴശിക്ഷ ഈ പ്രവണത കുറയ്ക്കുകയില്ലെന്നും നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും വോൺ പറഞ്ഞു.

” ഇക്കാര്യത്തിൽ നമ്മൾ കൂടുതൽ കർശനമാകേണ്ടിയിരിക്കുന്നു. അനുവദിച്ച സമയം അവസാനിക്കുകയാണെങ്കിൽ ശേഷിക്കുന്ന ഓരോ ഓവറിനും 25 റൺസ് പെനാൽറ്റിയായി വിധിക്കണം. ” ഷെയ്ൻ വോൺ പറഞ്ഞു.

” ഇന്ത്യയുടെ ബൗളിങ് നോക്കൂ അനുവദിച്ച സമയത്തിനുള്ളിൽ 46 ഓവറുകൾ മാത്രമാണ് അവർ എറിഞ്ഞത്. അത്രത്തോളം ഓവറുകളിൽ മാത്രമേ അവരെ ബാറ്റ് ചെയ്യാൻ അനുവദിക്കാവൂ, അത് വിജയലക്ഷ്യം എത്ര വേണമെങ്കിലും ആകട്ടെ ആ ഓവറുകൾ ഒഴിവാക്കണം ” ഷെയ്ൻ വോൺ കൂട്ടിച്ചേർത്തു.

ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. ഡിസംബർ രണ്ടിന് കാൻബറയിലാണ് പരമ്പരയിലെ അവസാന മത്സരം. ഡിസംബർ 4 ന് തുടങ്ങി 8 ന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.