Skip to content

‘ അവൻ ദീർഘനാൾ പരിക്കേറ്റാൽ നന്നായിരിക്കും ‘ ; കെ എൽ രാഹുലിന്റെ പരാമർശത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ഏകദിന സീരീസിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അതേസമയം പരിക്കിനെ ഭീഷണിയിലാണ് ഓസ്‌ട്രേലിയൻ ടീം. ആദ്യ മത്സരത്തിലെ പരിക്കിനെ തുടർന്ന് ഓൾ റൗണ്ടർ സ്റ്റോയിനിസ് രണ്ടാം മത്സരത്തിൽ പുറത്തായിരുന്നു. ഇപ്പോഴിതാ ഓപ്പണർ വാർണർ കൂടി പരിക്കിന്റെ പിടിയിലാണ്.

സിഡ്‌നിയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ ഫീല്‍ഡിംഗിനിടെയാണ് ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. ശിഖര്‍ ധവാന്‍ മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവാണ് പരിക്കിന് കാരണമായത്. വീഴ്ച്ചയില്‍ പരിക്കേറ്റ് പുളഞ്ഞ വാര്‍ണര്‍ തുടര്‍ന്ന് സഹതാരങ്ങളുടെയും മെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് ഡ്രസിംഗ് റൂമിലേക്ക് പോയത്.

വാർണറിന്റെ പരിക്കിൽ പ്രതികരിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുൽ കുരുക്കിലായിരിക്കുകയാണ്. വാർണറിന് ദീർഘനാൾ പരിക്കേറ്റാൽ നല്ലതായിരിക്കുമെന്ന് പരാമർശിച്ചതാണ് വിവാദത്തിനിടയാക്കിയത്. എതിർ താരത്തിന്റെ പരിക്കിൽ ഇങ്ങനെയാണോ പ്രതികരിക്കുകയെന്നും ആരാധകർ വിമർശിച്ചു.

‘ അവന്റെ പരിക്ക് എത്ര മോശമാണെന്ന് ഞങ്ങൾക്കറിയില്ല. അയാൾക്ക് ദീർഘനാൾ പരിക്കേറ്റാൽ അത് നന്നായിരിക്കും. അവരുടെ പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാൾ. അങ്ങനെ ആഗ്രഹിക്കുന്നത് നല്ല കാര്യമല്ല, പക്ഷേ ഇത് ടീമിന് നല്ലതായിരിക്കും. അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകാൻ വളരെയധികം സമയമെടുക്കുകയാണെങ്കിൽ അത് ഞങ്ങളുടെ ടീമിന് നല്ലതാണ്, ”രാഹുൽ പറഞ്ഞു.

മികച്ച ഫോമിലുള്ള വാർണറിന്റെ അഭാവം ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകും. ടി20 ലയിലും വാർണർ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുണ്ട്. ആദ്യ മത്സരത്തില്‍ 69 റണ്‍സ് നേടിയ വാര്‍ണര്‍ രണ്ടാം മത്സരത്തില്‍ 83 റണ്‍സ് നേടിയിരുന്നു. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 2നാണ്.