Skip to content

കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി, ഇന്ത്യൻ ക്യാപ്റ്റനെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ രണ്ടാം പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ക്യാപ്റ്റൻസി തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലയെന്നും ഇത് ടി20 ക്രിക്കറ്റല്ലയെന്ന് കോഹ്ലി മനസ്സിലാക്കണമെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” തുറന്നുപറഞ്ഞാൽ അവന്റെ ക്യാപ്റ്റൻസിയെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള ബാറ്റിങ് നിരയെ തടയണമെങ്കിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നേടേണ്ടത് അനിവാര്യമാണ്. എന്നാൽ മുൻനിര ബൗളർമാർക്ക് അവൻ കൊടുത്തതാകട്ടെ രണ്ടോവർ മാത്രം. സാധാരണ 4-3-3 എന്നിങ്ങനെയാണ് ബൗളർമാരുടെ സ്പെല്ലുകൾ. എന്നാൽ ഇവിടെ മുൻനിര ബൗളർമാരെ തുടക്കത്തിൽ രണ്ടോവർ മാത്രമെറിയാൻ അനുവദിക്കുന്നു. എനിക്കീ ക്യാപ്റ്റൻസി മനസ്സിലാക്കാൻ സാധിക്കുന്നില്ല, ഈ ക്യാപ്റ്റൻസിയെ കുറിച്ച് വിശദീകരിക്കാൻ പോലും എനിക്ക് സാധിക്കില്ല ” ഗംഭീർ പറഞ്ഞു.

” ഇത് ടി20 ക്രിക്കറ്റല്ലയെന്ന് കോഹ്ലി മനസ്സിലാക്കണം. കോഹ്ലിയുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. തുറന്നുപറയുകയാണെങ്കിൽ ഇത് വളരെ മോശം ക്യാപ്റ്റൻസിയാണ്. ” ഗംഭീർ കൂട്ടിച്ചേർത്തു.

അടുത്ത മത്സരത്തിൽ വാഷിങ്ടൺ സുന്ദറിനോ ശിവം ദുബെയ്ക്കോ അവസരം നൽകണമെന്നും ഏകദിന ക്രിക്കറ്റിൽ അവർക്ക് യോജിക്കുമോയെന്ന് കണ്ടെത്തണമെന്നും ഗംഭീർ പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ പരാജയപെട്ടതോടെ ഏകദിന പരമ്പര ഇതിനോടകം ഓസ്‌ട്രേലിയ സ്വന്തമാക്കികഴിഞ്ഞു. ഡിസംബർ രണ്ടിന് കാൻബറയിലാണ് അവസാന ഏകദിനം നടക്കുന്നത്. ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം പരാജയമാണിത്. നേരത്തെ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപെട്ടിരുന്നു. വിരാട് കോഹ്ലിയുടെ കീഴിൽ ഇതാദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ഏകദിന പരമ്പരകൾ പരാജയപെടുന്നത്.