Skip to content

കോഹ്ലിയുടെ ബാറ്റിങിനെ കുറിച്ച് ഇന്ത്യൻ ആരാധകർ ആശങ്കപെടേണ്ടതില്ല , കാരണം വ്യക്തമാക്കി മൈക്കൽ വോൺ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് ഫോമിനെ കുറിച്ചോർത്ത് ഇന്ത്യൻ ആരാധകർ ആശങ്കപെടേണ്ടതില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്ലി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും സെഞ്ചുറി നേടാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല. 87 പന്തിൽ 89 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. കഴിഞ്ഞ വർഷം നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി അവസാനമായി മൂന്നക്കം കടന്നത്.

” അവന്റെ (കോഹ്ലിയുടെ) ബാറ്റിങിൽ യാതൊരു തരത്തിലും ആശങ്കപെടേണ്ടതില്ല. അവൻ മികച്ച പ്ലേയറാണ്. ഏതൊരു ഫോർമാറ്റ് നോക്കിയാലും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ കോഹ്ലിയാണ്, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ” മൈക്കൽ വോൺ പറഞ്ഞു.

” ഞാൻ ആശങ്കപെടുന്നത് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യ കളിക്കേണ്ട മൂന്ന് ടെസ്റ്റ് മത്സരങ്ങളെ കുറിച്ചാണ്. കോഹ്ലിയില്ലാതെ ആ മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ടീമിന് അവന്റെ സാന്നിദ്ധ്യം അത്രത്തോളം പ്രധാനപ്പെട്ടതാണ്. ഒരു സെഞ്ചുറി നേടി കഴിഞ്ഞാൽ പിന്നീട്‌ തുടർച്ചയായി മൂന്നോ നാലോ സെഞ്ചുറി നേടാൻ അവന് സാധിക്കും. അസാധാരണ ക്യാച്ചിലൂടെയാണ് അവൻ കഴിഞ്ഞ മത്സരത്തിൽ പുറത്തായത്. ” മൈക്കൽ വോൺ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ മികച്ച റെക്കോർഡാണ് ഇന്ത്യൻ ക്യാപ്റ്റനുള്ളത്. 12 മത്സരങ്ങളിൽ നിന്നും 55.39 ശരാശരിയിൽ 6 സെഞ്ചുറിയടക്കം 1274 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. ബ്രിസ്ബൻ ഒഴികെയുള്ള എല്ലാ ഗ്രൗണ്ടിലും 50 മുകളിലാണ് കോഹ്ലിയുടെ ശരാശരി.

കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.