Skip to content

വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനവുമായി ഹർഭജൻ സിങ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വിരാട് കോഹ്ലി ഇന്ത്യൻ ബൗളർമാരെ വേണ്ടരീതിയിൽ ഉപയിഗിക്കുന്നില്ലയെന്നും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ലയെന്നും ഹർഭജൻ സിങ് പറഞ്ഞു.

” ന്യൂ ബോൾ മികച്ച ആയുധമാണ് അത് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഇന്ത്യൻ ബൗളർമാർ വഴികണ്ടെത്തണം. വിരാട് കൂടുതൽ ഫലപ്രദമായി ബൗളർമാരെ ഉപയിഗിക്കേണ്ടതുണ്ട്. ഷാമി നന്നായി പന്തെറിയുമ്പോൾ അവന് കൂടുതൽ ഓവറുകൾ കോഹ്ലി നൽകണമായിരുന്നു ഒപ്പം കൂടുതൽ അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്ത് ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കാൻ സാധിക്കുമായിരുന്നു. ” ഹർഭജൻ സിങ് പറഞ്ഞു.

” നമുക്കറിയാം ബുംറ ഒരു മാച്ച് വിന്നറാണ്, തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്താനും അവന് സാധിക്കാറുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഇക്കുറി അവനതിന് സാധിക്കുന്നില്ല. വേണ്ടത്ര സ്വിങ് അവന് ലഭിക്കുന്നില്ല ( ബുംറയ്ക്ക് ) ആദ്യ രണ്ടോ മൂന്നോ ഓവറുകളിൽ സ്വിങ് ചെയ്യാൻ സാധിച്ചാൽ ബാറ്റ്‌സ്മാന്മാരുടെ മനസ്സിൽ സന്ദേഹമുണ്ടാക്കാൻ അവന് സാധിക്കും ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

” ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ ഫാസ്റ്റ് ബൗളർമാർക്ക് എല്ലായ്പ്പോഴും അനുകൂലമാണ്. അത് ഉപയോഗിക്കാൻ നമ്മുടെ ഫാസ്റ്റ് ബൗളർമാർ വഴികണ്ടെത്തേണ്ടതുണ്ട്. ബുംറയും ഷാമിയും സയ്നിയും സ്വിങ് കണ്ടെത്തണം. ന്യൂ ബോൾ മികച്ച രീതിയിൽ ഉപയോഗിച്ചാൽ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ അവർക്ക് സാധിക്കും ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ സ്വന്തമാക്കികഴിഞ്ഞു. കാൻബറയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ശേഷം ഡിസംബർ നാലിന് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കും. ഡിസംബർ എട്ടിന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.