Skip to content

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

ഇന്ത്യക്കെതിരായ ഏകദിന 2-0 ന് സ്വന്തമാക്കിയതിന് പുറകെ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറിന്റെ പരിക്ക്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ വാർണർക്ക് ഏകദിന പരമ്പരയിലെ അവസാന മത്സരവും ഡിസംബർ 4 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും നഷ്ട്ടമാകും.

ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് വാർണർ കാഴ്‌ച്ചവെച്ചത്. ആദ്യ മത്സരത്തിൽ 76 പന്തിൽ 69 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ 77 പന്തിൽ 83 റൺസ് നേടിയിരുന്നു.

എന്നാൽ ഡിസംബർ 17 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി വാർണർ തിരിച്ചെത്തിയേക്കും. ഡാർസി ഷോർട്ടിനെ വാർണർക്ക് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിട്ടുണ്ട്.

നേരത്തെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് രണ്ടാം മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. മോയിസസ് ഹെന്രിക്‌സ് ആയിരുന്നു രണ്ടാം ഏകദിനത്തിൽ സ്റ്റോയിനിസിന് പകരക്കാരനായി എത്തിയത്.