Skip to content

ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ സാധിക്കാത്തത് ടീമിന്റെ ബാലൻസിനെ ബാധിച്ചുവെന്നും മികച്ച ഓൾ റൗണ്ടറെ കണ്ടെത്താൻ സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുകയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” ലോകകപ്പിന് ശേഷം ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹാർദിക് പന്തെറിയാൻ ഫിറ്റല്ലെങ്കിൽ എവിടെയാണ് നിങ്ങളുടെ ആറാമത്തെ ബൗളിങ് ഓപ്ഷൻ. അത് വിജയ് ശങ്കർ മാത്രമാണ്. എന്നാൽ വിജയ് ശങ്കറിന് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഹാർദിക് പാണ്ഡ്യയെ പോലെ പ്രകടനം കാഴ്‌ച്ചവെയ്ക്കാൻ സാധിക്കില്ല, അവന് ഏഴോ എട്ടോ ഓവറുകൾ എറിയാൻ സാധിക്കുമോ? എനിക്കതിൽ സംശയമുണ്ട്. ” ഗൗതം ഗംഭീർ പറഞ്ഞു.

” പ്ലേയിങ് ഇലവനിൽ രോഹിത് ശർമ്മ തിരിച്ചെത്തിയാലും ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. മുൻനിരയിലുള്ള ആർക്കും തന്നെ ഒന്നോ രണ്ടോ ഓവർ എറിയാൻ സാധിക്കില്ല. നിങ്ങൾ ഓസ്‌ട്രേലിയൻ ടീം നോക്കുകയാണെങ്കിൽ ഒന്നോ രണ്ടോ ഓവറുകൾ എറിയാൻ സാധിക്കുന്ന മോയിസസ് ഹെൻറിക്‌സ് അവർക്കുണ്ട്. ഒപ്പം ബൗളിങ് ഓൾ റൗണ്ടറായി സീൻ അബോട്ടും ഒപ്പം ഡാനിയേൽ സാംസിനും ബാറ്റ് ചെയ്യാനും പന്തെറിയാനും സാധിക്കും, എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാർ ആരും തന്നെയില്ല. ” ഗംഭീർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. 76 പന്തിൽ 7 ഫോറും 4 സിക്സുമടക്കം 90 റൺസ് നേടിയാണ് ഹാർദിക് പാണ്ഡ്യ പുറത്തായത്.