Skip to content

അവന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു, മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ്

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുവെന്ന് മുൻ വെസ്റ്റിൻഡീസ് താരം മൈക്കൽ ഹോൾഡിങ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ പരാജയപെട്ടതിന് പുറകെയാണ് ഹോൾഡിങ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

” അത്തരത്തിലൊരു കൂറ്റൻ വിജയലക്ഷ്യം ചേസ് ചെയ്യുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എപ്പോഴും പ്രയാസമാണ്. അവരെ അലട്ടുന്ന ഒരു കാര്യം എം എസ് ധോണിയുടെ അഭാവമാണ്. മുൻനിര ബാറ്റ്‌സ്മാന്മാർ പുറത്താകുമ്പോഴായിരുന്നു എം എസ് ധോണി ക്രീസിലെത്തിയിരുന്നത് തുടർന്ന് ചേസിങിന്റെ നിയന്ത്രണം അവൻ ഏറ്റെടുക്കുന്നു. എം എസ് ധോണി ടീമിലുണ്ടായിരുന്നപ്പോൾ ഇന്ത്യ വിജയലക്ഷ്യങ്ങൾ പിൻതുടർന്ന് വിജയിച്ചിരുന്നു. ” ഹോൾഡിങ് പറഞ്ഞു.

” ധോണിയുടെ കഴിവിൽ വിശ്വാസമുള്ളത് കൊണ്ട് ടോസ് നേടി എതിർ ടീമിനെ ബാറ്റിങിനയക്കാൻ അവർക്ക് ഭയമുണ്ടായിരുന്നില്ല. നിലവിൽ ഇന്ത്യയുടെ ബാറ്റിങ് നിര വളരെയധികം കഴിവുള്ളവരാണ്. അവരുടെ മികച്ച പ്രകടനങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ധോണിയെ പോലെയൊരു കളിക്കാരനെ അവർക്ക് ആവശ്യമാണ്. അത് ധോണിയുടെ കഴിവ് കൊണ്ട് മാത്രമല്ല ശക്തമായ വ്യക്തിത്വം കൊണ്ടുകൂടിയാണ് ” ഹോൾഡിങ് കൂട്ടിച്ചേർത്തു.

ചേസിങിൽ ധോണി ഒരിക്കൽ പോലും സമ്മർദ്ദത്തിലാകുന്നത് കണ്ടിട്ടില്ലയെന്നും തന്റെ കഴിവിൽ വിശ്വാസം എപ്പോഴും ധോണിയ്ക്ക് ഉണ്ടായിരുന്നുവെന്നും കൂടെ ബാറ്റ് ചെയ്യുന്നവരോട് സംസാരിക്കുകയും അവരെ എം എസ് സഹായിക്കുകയും ചെയ്യുമായിരുന്നുവെന്നും ഹോൾഡിങ് പറഞ്ഞു.