Skip to content

ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പറും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുലിനോട് താൻ മാപ്പുചോദിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ട്വിറ്ററിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജിമ്മി നീഷം പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് തമാശരൂപേണ ഇക്കാര്യം മാക്‌സ്‌വെൽ വെളിപ്പെടുത്തിയത്.

ഐ പി എല്ലിൽ മോശം പ്രകടനമായിരുന്നു പഞ്ചാബിന് വേണ്ടി ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. സീസണിൽ 13 മത്സരങ്ങളിൽ നിന്നും 108 റൺസ് മാത്രം നേടിയ മാക്‌സ്‌വെല്ലിന് ഒരു സിക്സ് പോലും നേടുവാൻ സാധിച്ചിരുന്നില്ല.

https://twitter.com/JimmyNeesh/status/1332492304410583040?s=19

എന്നാൽ ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 15 പന്തുകൾ മാത്രം നേരിട്ട മാക്‌സ്‌വെൽ 5 ഫോറും 3 സിക്സുമടക്കം 45 റൺസ് നേടിയാണ് പുറത്തായത്.

സീസണിൽ പഞ്ചാബിന് വേണ്ടി 5 മത്സരങ്ങളിൽ നിന്നും 10 റൺസ് നേടിയ ജിമ്മി നീഷമാകട്ടെ വെസ്റ്റിൻഡീസിനെതിരെ ഇന്നലെ നടന്ന ടി20 മത്സരത്തിൽ 24 പന്തുകളിൽ നിന്നും 48 റൺസ് നേടിയിരുന്നു.

ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ആരോൺ ഫിഞ്ചും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു. ഫിഞ്ച് 124 പന്തിൽ 114 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 66 പന്തിൽ 105 റൺസ് നേടി.

മത്സരത്തിൽ 66 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 308 റൺസ് നേടാനെ സാധിച്ചുള്ളൂ.