Skip to content

ഒടുവിൽ മൗനം വെടിഞ്ഞ് ബിസിസിഐ, രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക് തിരിക്കാത്തതിന് പിന്നിലെ കാരണമിതാണ്

ഐ പി എല്ലിന് ശേഷം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ. രോഹിത് ശർമ്മയുടെ പരിക്കിനെ പറ്റി വ്യക്തമായ ധാരണയില്ലെന്നും എന്തുകൊണ്ടാണ് രോഹിത് ശർമ്മ ടീമിനൊപ്പം ഓസ്‌ട്രേലിയയിലെത്താതിരുന്നതെന്ന് അറിയില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തുറന്നുപറഞ്ഞതിന് പുറകെയാണ് ഔദ്യോഗിക പ്രസ്താവന ബിസിസിഐ പുറത്തുവിട്ടത്.

അസുഖ ബാധിതനായ പിതാവിനെ കാണാനാണ് രോഹിത് ശർമ്മ ഐ പി എല്ലിന് ശേഷം മുംബൈയിലെത്തിയതെന്നും അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നതിനാൽ രോഹിത് ശർമ്മ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും ഡിസംബർ 11 ന് നടക്കുന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് കളിക്കാൻ സാധിക്കുമോയെന്ന് പറയാൻ സാധിക്കൂവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ പരിക്കിൽ നിന്നും മുക്തനായെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാൻ ഇനിയുമേറെ സമയം വേണ്ടിവരുമെന്നും അതിനാൽ ടെസ്റ്റ് പരമ്പര പൂർണ്ണമായും ഇഷാന്ത് ശർമ്മയ്ക്ക് നഷ്ട്ടമാകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ബിസിസിഐ പറഞ്ഞു.

ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാൻ സാധിക്കുമെങ്കിൽ ഓസ്‌ട്രേലിയയിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റെയ്നിൽ കഴിവയവേ രോഹിത് ശർമ്മയ്ക്ക് പരിശീലനം നടത്താനുള്ള അനുമതി സൗരവ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യർത്ഥിച്ചേക്കും.

നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലി മടങ്ങുന്നതിനാൽ രോഹിത് ശർമ്മയുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് നിർണായകമാണ്.

രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയോട് 66 റൺസിന് പരാജയ പ്പെട്ടിരുന്നു.