Skip to content

ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 308 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

76 പന്തിൽ 96 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും 86 പന്തിൽ 74 റൺസ് നേടിയ ശിഖാർ ധവാനും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 21 റൺസ് നേടി പുറത്തായി.

ഓസ്‌ട്രേലിയക്ക് വേണ്ടി ആഡം സാംപ നാല് വിക്കറ്റും ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 66 പന്തിൽ 101 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 124 പന്തിൽ 114 റൺസ് നേടിയ ആരോൺ ഫിഞ്ച്, 76 പന്തിൽ 69 റൺസ് നേടിയ ഡേവിഡ് വാർണർ, 19 പന്തിൽ 45 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമി മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി. നവംബർ 29 ന് ഇതേ വേദിയിൽ തന്നെയാണ് പരമ്പരയിലെ അടുത്ത മത്സരം.