Skip to content

രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല, കാരണം വ്യക്തമാക്കി ഡേവിഡ് വാർണർ

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിൽ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ വിടവ് നികത്താൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. പൂർണ്ണമായും കായികക്ഷമത ഇല്ലാത്തതിനെ തുടർന്നാണ് പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയത്.

” രോഹിത് ശർമ്മ ടീമിന്റെ വലിയ ഭാഗമാണ്, അവനെ തീർച്ചയായും അവർ മിസ്സ് ചെയ്യും. എന്നാൽ രോഹിത് ശർമ്മയ്ക്ക് പകരക്കാരായി മികച്ച ഫോമിലുള്ള കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ശിഖാർ ധവാൻ എന്നിവരുണ്ട്. ഐ പി എല്ലിൽ മികച്ച ഫോമിലാണ് അവർ കളിച്ചത്, കൂടാതെ അവർ മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ അഭാവം മറികടക്കാൻ പോന്ന താരങ്ങൾ ഇന്ത്യൻ ടീമിനുണ്ട്. ” വാർണർ പറഞ്ഞു.

നവംബർ 27 ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് തുടക്കമാകുന്നത്. ഡിസംബർ 4 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സമയം ലഭിച്ചതിനാൽ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നാല് മത്സരങ്ങളുടെ പരമ്പരയിൽ അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മാത്രമേ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കുകയുള്ളൂ.

ബിസിസിഐയുടെ പിതൃത്വ അവധി ലഭിച്ചതിനാൽ ആദ്യ മത്സരത്തിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങും അജിങ്ക്യ രഹാനെയായിരിക്കും തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.