Skip to content

സ്റ്റീവ് സ്മിത്തിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി സുനിൽ ഗവാസ്‌കർ

ഇന്ത്യൻ ബൗളർമാരുടെ ഷോർട്ട് ബോളുകൾ നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് മറുപടിയുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗവാസ്‌കർ. ഒരു ബാറ്റ്‌സ്മാനും ഷോർട്ട് ബോൾ നേരിടാൻ തയ്യാറാണെന്ന് പറയുവാൻ സാധിക്കില്ലയെന്നും ഒരു മികച്ച ഷോർട്ട് ബോൾ ഏതൊരു മികച്ച ബാറ്റ്‌സ്മാനെയും ബുദ്ധിമുട്ടിക്കുമെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.

ഷോർട്ട് ബോളുകൾക്കെതിരെ മികച്ച റെക്കോർഡല്ല സ്റ്റീവ് സ്മിത്തിനുള്ളത്. ന്യൂസിലാൻഡുമായുള്ള പരമ്പരയിൽ കൃത്യതയുള്ള ഷോർട്ട് ബോളുകളിലൂടെ നെയിൽ വാഗ്‌നർ സ്റ്റീവ് സ്മിത്തിനെ വെള്ളംകുടിപ്പിച്ചിരുന്നു. എന്നാൽ വാഗ്‌നറുടെ മികവ്‌ ഇന്ത്യൻ ബൗളർക്ക് പുറത്തെടുക്കാൻ സാധിക്കുമോയെന്നതതിൽ സംശയമാണെന്നും തനിക്കെതിരെ ഷോർട്ട് ബോളുകളെറിഞ്ഞ് ബൗളർമാർ ക്ഷീണിതരാകുന്നത് മറ്റു ബാറ്റ്‌സ്മാന്മാർക്ക് ഗുണകരമാകുമെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയിരുന്നു.

” ആരും ഷോർട്ട് ബോളുകൾ നേരിടാൻ തയാറല്ല, ഒരു മികച്ച ഷോർട്ട് ബോൾ ഏതൊരു മികച്ച ബാറ്റ്‌സ്മാനെയും ബുദ്ധിമുട്ടിക്കും. ആർക്കും തന്നെ ഞാൻ തയ്യാറാണെന്ന് പറയാൻ സാധിക്കില്ല, ഇന്ത്യൻ നിരയിൽ മൊഹമ്മദ് ഷാമിയ്ക്ക് മികച്ച ബൗൺസറുകൾ എറിയാൻ സാധിക്കും. ശരിയായ ലക്ഷ്യത്തിൽ അവനെറിയാൻ സാധിച്ചാൽ അധികം ബാറ്റ്‌സ്മാന്മാർക്ക് അത് നേരിടാൻ സാധിക്കില്ലെന്ന് ഉറപ്പാണ്. ” ഗവാസ്‌കർ പറഞ്ഞു.

നവംബർ 27 ന് സിഡ്‌നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഏകദിന പരമ്പരയ്ക്കും ടി20 പരമ്പരയ്ക്കും ശേഷം ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.