Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും നഷ്ട്ടമാകും. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നിലവിൽ ഇന്ത്യയിലുള്ള ഇരുവരും ഇതുവരെയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിട്ടില്ല.

ഫിറ്റ്നസ് വീണ്ടെടുത്ത ഇഷാന്ത് ശർമ്മ ഉടൻ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെങ്കിൽ മാത്രമേ ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കൂ. മറുഭാഗത്ത് ഇതുവരെയും ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുക്കാത്ത രോഹിത് ശർമ്മയ്ക്ക് ഡിസംബർ രണ്ടാം വാരത്തോടെ മാത്രമേ ഓസ്‌ട്രേലിയയിലേക്ക് തിരിക്കാൻ സാധിക്കൂ. 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ വേണമെന്നതിനാൽ ഡിസംബർ 8 ന് ഓസ്‌ട്രേലിയയിലെത്തിയാൽ ഡിസംബർ 22 ന് മാത്രമേ രോഹിത് ശർമ്മയ്ക്ക് പരിശീലനം ആരംഭിക്കാൻ സാധിക്കൂ.

ഏകദിന പരമ്പരയ്ക്കും ടി20 പരമ്പരയ്ക്കും ശേഷം ഡിസംബർ 17 നാണ് 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

യു എ ഇ യിലെ ബയോ ബബിളിൽ നിന്നും ഓസ്‌ട്രേലിയയിലെത്തിയതിനാൽ ഇന്ത്യൻ ടീമിന് ക്വാറന്റെയ്നിൽ കഴിയവെ പരിശീലനം നടത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ രോഹിത് ശർമ്മയും ഇഷാന്ത് ശർമ്മയും പരിശീലനം നടത്തുന്നത് ബയോ ബബളില്ല. അതുകൊണ്ട് തന്നെ ക്വാറന്റെയ്നിൽ കഴിയവേ പരിശീലനത്തിന് അനുമതി ഇരുവർക്കും ലഭിക്കില്ല.

രോഹിത് പുറത്താകുകയാണെങ്കിൽ ശ്രേയസ് അയ്യർക്ക് സെലക്ടർമാർ അവസരം നൽകിയേക്കും, 54 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ 52.18 ശരാശരിയിൽ 12 സെഞ്ചുറിയും 23 ഫിഫ്റ്റിയുമടക്കം 4592 റൺസ് അയ്യർ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഹോം സിരീസിൽ വിരാട് കോഹ്ലിക്ക് പകരക്കാരനായി ടീമിലെത്തിയിരുന്നെങ്കിലും ആദ്യ ഇലവനിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടില്ല.