Skip to content

അവരുടെ സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും ; ഹർഭജൻ സിങ്

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് സ്പിൻ ബൗളർ ഹർഭജൻ സിങ്. കഴിഞ്ഞ പര്യടനത്തിൽ സ്മിത്തിന്റെയും വാർണറിന്റെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപെടുത്തിയിരുന്നു. എന്നാൽ ഇക്കുറി ഇരുവരും തിരിച്ചെത്തുന്നതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ ദുഷ്കരമാകുമെന്ന് മുൻ താരങ്ങൾ അടക്കമുള്ളവർ വിലയിരുത്തിയിരുന്നു.

” സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമുള്ള ഓസ്‌ട്രേലിയയെ പരാജയപെടുത്താനുള്ള ടീം ഇന്ത്യയ്ക്കുണ്ട്. പരമ്പരയിൽ ഓസ്‌ട്രേലിയയേക്കാൾ വിജയസാധ്യത ഇന്ത്യയ്ക്കാണ്, കാരണം ഏതൊരു സാഹചര്യങ്ങളിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിക്കും ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ആകട്ടെ വിജയിക്കുന്നതിനുള്ള മനസ്സുറപ്പ് അവർക്കുണ്ട്. ” ഹർഭജൻ സിങ് പറഞ്ഞു.

” ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താനുള്ള ശക്തി ഇന്ത്യന് ടീമിനുണ്ട്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയിൽ അസാമാന്യ പ്രകടനമാണ് അവർ കാഴ്ച്ചവെച്ചത്. വിരാട് കോഹ്ലിയ്ക്കൊപ്പം പുജാരയും ഇന്ത്യയുടെ വിജയത്തിൽ പ്രധാനപങ്ക് വഹിച്ചു. പലപ്പോഴും പുജാരയുടെ പേര് നമ്മൾ കേൾക്കാറില്ല കാരണം അവനെപ്പോഴും വമ്പൻ താരങ്ങളുടെ നിഴലിലാണ് എന്നാൽ അവന്റെ സംഭാവന വളരെ വലുതാണ്. വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. എന്നാൽ അത് മറികടക്കാൻ പോന്ന ബാറ്റിങ് ലൈനപ്പും ബൗളിങ് നിരയും ഇന്ത്യയ്ക്കുണ്ട്. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.