Skip to content

ആ മത്സര ശേഷം കോഹ്ലി പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് അദ്ദേഹത്തെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും ചുറ്റിപ്പറ്റിയുള്ള വിവാദത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം, അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ അവരുടെ ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, സൂര്യകുമാറും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഏറ്റുമുട്ടിയിരുന്നു. അർദ്ധ സെഞ്ചുറി നേടി വിജയത്തിലേക്ക് നയിച്ച സൂര്യകുമാറിനെ കോഹ്ലി സ്ലെഡ്‌ജ്‌ ചെയ്യാനും ശ്രമിച്ചിരുന്നു.

ഇത് ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
മത്സരത്തിൽ അത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും കോഹ്ലിയുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. മത്സര ശേഷം കോഹ്ലി എന്റെ പ്രകടനത്തെ പ്രശംസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ആ സംഭവം ഇത്രയും വൈറൽ ആയതിൽ ഞാൻ അതിശയിച്ചു. ഇന്ത്യൻ ടീമിനായി കളിക്കുമ്പോഴാണെങ്കിലും അദ്ദേഹത്തിന്റെ ആക്രമണോത്സുകത എല്ലായ്പ്പോഴും ശ്രദ്ധേയമാണ്. അവർക്ക് (ആർ‌സി‌ബി) അത് ഒരു പ്രധാന മത്സരമായിരുന്നു. മത്സരശേഷം കോലി സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു ” യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ പറഞ്ഞു.

പ്ലേ ഓഫിൽ കയറാൻ നിർണായകമായ മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക്, കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ ഇന്നിങ്സിലൂടെയാണ് സൂര്യകുമാർ വഴികാട്ടിയത്. 43 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ സൂര്യ അടിച്ചുകൂട്ടിയത് 79 റൺസ്! മുംബൈ 5 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തന്നെ തിരഞ്ഞെടുക്കാത്തതിന്റെ പക ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ടീമിനോട് തീർത്തുവെന്ന് അന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയർന്നിരുന്നു. ഐപിഎലിന് ശേഷം കോഹ്‌ലിയുടെ പോസ്റ്റിൽ സൂര്യകുമാർ റിപ്ലൈ നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.