Skip to content

സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമേതെന്ന് വെളിപ്പെടുത്തി ഇൻസമാം ഉൾ ഹഖ്

2003 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസാണ് സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്.

2003 മാർച്ച് ഒന്നിന് സൗത്താഫ്രിക്കയിലെ സെഞ്ചൂറിയണിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 274 റൺസിന്റെ വിജയലക്ഷ്യം 75 പന്തിൽ 98 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ മികവിലാണ് 45.4 ഓവറിൽ ഇന്ത്യ മറികടന്നത്.

” സച്ചിന്റെ ഒരുപാട് ഇന്നിങ്സുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ആ മത്സരത്തിൽ ബാറ്റ് ചെയ്ത പോലെ മുൻപൊന്നും അത്തരത്തിൽ അവൻ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ആ സാഹചര്യങ്ങളിൽ ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർക്കെതിരായ അവന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ആ മത്സരത്തിൽ 98 റൺസ് നേടിയ സച്ചിനെ അക്തറാണ് പുറത്താക്കിയത്. എന്റെ അഭിപ്രായത്തിൽ അതായിരുന്നു സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്. ഞങ്ങളുടെ മികച്ച ബൗളിങ് നിരയ്ക്കെതിരെയാണ് അത്തരത്തിലൊരു ലോകോത്തര പ്രകടനം അദ്ദേഹം കാഴ്ച്ചവെച്ചത്. സച്ചിന്റെ പ്രകടനം പിന്നീട് വന്ന ബാറ്റ്‌സ്മാന്മാരുടെ സമ്മർദ്ദവും ഇല്ലാതാക്കി. ആ ഇന്നിങ്‌സ് സച്ചിന്റെ പ്രിയപ്പെട്ടതാകുമെന്ന് എനിക്കുറപ്പുണ്ട് ” ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

” വസീം അക്രം, വഖാർ യൂനിസ്, ഷൊഹൈബ് അക്തർ തുടങ്ങിയവരായിരുന്നു ഞങ്ങളുടെ ടീമിലെ ഫാസ്റ്റ് ബൗളർമാർ, സാഹചര്യങ്ങളാകട്ടെ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരുന്നു, കാരണം ആ മത്സരം നടന്നത് സൗത്താഫ്രിക്കയിലെ സെഞ്ചൂറിയണിലായിരുന്നു. അതുകൊണ്ട് തന്നെ 273 ജയിക്കാൻ സാധിക്കുമെന്ന ടോട്ടലാണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ” ഇൻസമാം കൂട്ടിച്ചേർത്തു.

നേരത്തെ ഇതേ മത്സരമാണ് തന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ മത്സരമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ തുറന്നുപറഞ്ഞിരുന്നു.