Skip to content

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലാകും, കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ജനുവരിയിൽ തന്റെ ആദ്യ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നതിനാലാണ് അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങുന്നത്. പരമ്പര യിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുക.

” വിരാട് കോഹ്ലിയുടെ ബാറ്റിങിന്റെയും നായകമികവിന്റെയും അഭാവം മറ്റുള്ള താരങ്ങൾ കൂടുതൽ സമ്മർദ്ദത്തിനിടയാക്കും. ക്യാപ്റ്റൻസി ഏറ്റെടുക്കുന്നതോടെ അജിങ്ക്യ രഹാനെയും കൂടുതൽ സമ്മർദ്ദത്തിലാകും അതിനൊപ്പം തന്നെ നാലാം നമ്പറിൽ മികച്ചൊരു ബാറ്റ്‌സ്മാനെ അവർ കണ്ടെത്തേണ്ടതുണ്ട്. ” റിക്കി പോണ്ടിങ് പറഞ്ഞു.

” ഇപ്പോഴും ആദ്യ ടെസ്റ്റിൽ ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കും എന്നതിലോ ആരായിരിക്കും ഓപ്പണർ എന്നതിലോ അവർക്ക് വ്യക്തമായ ഉത്തരമില്ല, കൂടാതെ കോഹ്ലി പോകുന്നതോടെ ആരായിരിക്കും നാലാമനായി ബാറ്റ് ചെയ്യുക ? ഓസ്‌ട്രേലിയ നേരിടുന്ന ചോദ്യം ക്രിസ് ഗ്രീനിനെയും പൂകോവ്സ്കിയെയും ചുറ്റിപറ്റിയാണ്, എന്നാൽ ഇന്ത്യ അതിലേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ” പോണ്ടിങ് പറഞ്ഞു.

ഷാമിയ്ക്കൊപ്പം ബുംറയ്ക്കുമൊപ്പം ഇഷാന്ത് ശർമ്മയാണോ ഉമേഷ്‌ യാദവാണോ വേണ്ടതെന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലയെന്നും സിറാജിനും സെയ്നിയ്ക്കും ടെസ്റ്റിൽ അവസരം നൽകണമോയെന്നതിലും അശ്വിനോ ജഡേജയോ ആരായിരിക്കും ആദ്യ ഇലവനിലെ സ്പിന്നർ എന്നതിലും ഇന്ത്യ ഉത്തരം കണ്ടെത്തിയിട്ടില്ലയെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.