Skip to content

രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മയുടെ അഭാവം ഓസ്‌ട്രേലിയക്ക് ഗുണകരമാകുമെങ്കിലും രോഹിത് ശർമ്മയുടെ വിടവ് നികത്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ.

” രോഹിത് വേൾഡ് ക്ലാസ് ബാറ്റ്‌സ്മാനാണ്. ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനമാണ് അവൻ കാഴ്ച്ചവെയ്ക്കുന്നത്, മൂന്ന് ഡബിൾ സെഞ്ചുറിയും അവൻ നേടികഴിഞ്ഞു. അതുകൊണ്ട് തന്നെ ഏതൊരു സമയത്തും എതിർ ടീമിലെ അവന്റെ അഭാവം നല്ല കാര്യമാണ് ” ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.

” എന്നാൽ അതിനൊപ്പം തന്നെ രോഹിത് ശർമ്മയെ അഭാവം മറികടക്കാൻ പോന്ന ബാറ്റിങ് നിര ഇന്ത്യയ്ക്കുണ്ട്. ഐ പി എല്ലിൽ കെ എൽ രാഹുലിന്റെ അസാധാരണ പ്രകടനം നമ്മൾ കണ്ടതാണ്, ഓപ്പൺ ചെയ്താലും ഇല്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട് ” ഗ്ലെൻ മാക്‌സ്‌വെൽ കൂട്ടിച്ചേർത്തു.

ഈ ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 670 റൺസ് നേടിയ കെ എൽ രാഹുലാണ് ഏറ്റവും കൂടുതൽ റൺസ് നേടിയത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയാണ് കെ എൽ രാഹുൽ.