Skip to content

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓസ്‌ട്രേലിയൻ താരം പിന്മാറി, കാരണമിതാണ്

ഇന്ത്യയ്ക്കെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പിന്മാറി. ഓസ്‌ട്രേലിയയിൽ കോവിഡ് 19 കേസുകൾ വീണ്ടും വർധിച്ചതിനെ തുടർന്നാണ് പരമ്പരകളിൽ നിന്നും പിന്മാറി കുടുംബത്തോടൊപ്പം സമയം ചിലവിടാൻ താരം തീരുമാനിച്ചത്. ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈയെ റിച്ചാർഡ്സണ് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി.

അഡ്ലെയ്ഡിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം തുടരാനാണ് കെയ്ൻ റിച്ചാർഡ്സന്റെ തീരുമാനമെന്നും ഇത് പ്രയാസകരമായ തീരുമാനമാണെന്ന് അറിയാമെന്നും എന്നാൽ കളിക്കാരെയും അവരുടെ കുടുംബത്തിനെയും എല്ലായ്പ്പോഴും പിന്തുണയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തെ അഡ്ലെയ്ഡിൽ കോവിഡ് 19 കേസുകൾ ഉയർന്നതിനെ തുടർന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ, മാർനസ് ലാബുഷെയ്ൻ എന്നിവരടക്കമുള്ള താരങ്ങളെ വിമാനമാർഗ്ഗമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഡ്നിയിലെത്തിച്ചത്.

നവംബർ 27 ന് സിഡ്‌നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് തുടക്കമാകുന്നത്.

ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീം :

ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, അലക്‌സ് കാരി, സീൻ അബോട്ട്, പാറ്റ് കമ്മിൻസ് (vc), കാമെറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, മോയിസസ് ഹെൻറിക്‌സ്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ഡാനിയേൽ സാംസ്‌, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആഡം സാംപ, ആൻഡ്രൂ ടൈ