Skip to content

സ്മിത്തിന്റെയും വാർണറുടെയും സാന്നിധ്യത്തിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോ ? പുജാര പറയുന്നു

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും സാന്നിധ്യം ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയെ കൂടുതൽ കരുത്തരാക്കുമെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. കഴിഞ്ഞ പര്യടനത്തിൽ ഇരുവരുടെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ പരാജയപെടുത്തി ഇന്ത്യ ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യം ആതിഥേയരെ കരുത്തരാക്കുമെന്നും ആ വെല്ലുവിളി മറികടക്കാൻ ഇന്ത്യൻ ബൗർളർമാർക്ക് സാധിക്കുമെന്നും പുജാര പറഞ്ഞു.

” അവരുടെ ബാറ്റിങ് നിര കൂടുതൽ കരുത്തരാണ്, പക്ഷെ വിജയം എളുപ്പത്തിൽ ലഭിക്കുകയില്ല, വിദേശത്ത് വിജയിക്കണമെങ്കിൽ നിങ്ങൾ കഠിനമായി അധ്വാനിക്കേണ്ടതുണ്ട്. സ്മിത്തും വാർണറും ലാബുഷെയ്‌നും മികച്ച ബാറ്റ്‌സ്മാന്മാരാണ്, അക്കാര്യത്തിൽ സംശയമില്ല എന്നാൽ കഴിഞ്ഞ പരമ്പരയിലെ ബൗളിങ് നിരയിൽ നിന്നും വ്യത്യസ്തമല്ല ഇക്കുറി ഞങ്ങളുടെ ബൗളിങ് നിര. എങ്ങനെ ഓസ്‌ട്രേലിയയിൽ പന്തെറിയണമെന്ന് അവർക്കറിയാം. ഇവിടെ അവർ വിജയം രുചിക്കുകയും ചെയ്തിരുന്നു. അവർക്ക് അവരുടെ ഗെയിം പ്ലാൻ ഉണ്ട്, സ്മിത്തിനെയും വാർണറിനെയും ലാബുഷെയ്നെയും വേഗത്തിൽ പുറത്താക്കാൻ അവർക്ക് സാധിക്കും ” പുജാര പറഞ്ഞു.

” അവസാന പരമ്പരയിലെ പ്രകടനം ഇക്കുറിയും ആവർത്തിക്കാൻ സാധിച്ചാൽ പരമ്പര വീണ്ടും നേടുവാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട് ” പുജാര കൂട്ടിച്ചേർത്തു.

ടി20 പരമ്പരയ്ക്കും ഏകദിന പരമ്പരയ്ക്കും ശേഷം ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ മാത്രമായിരിക്കും ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് തുടർന്നുള്ള മൂന്ന് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം ;

ടിം പെയ്ൻ (c), സീൻ അബോട്ട്, ജോ ബേൺസ്, പാറ്റ് കമ്മിൻസ്, കാമെറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷെയ്ൻ, നേഥൻ ലയൺ, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകോവ്സ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്