Skip to content

രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചാം കിരീടത്തിലെത്തിച്ചതിന് പുറകെ രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ പി എൽ ട്രോഫി നേടിയത്. 51 പന്തിൽ 68 റൺസ് നേടിയ രോഹിത് ശർമ്മയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ വിജയശിൽപ്പി.

” രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് അവന്റെ നഷ്ട്ടമല്ല, ഇന്ത്യൻ ടീമിന്റെ നഷ്ട്ടമാണ്. തീർച്ചയായും മുംബൈ ഇന്ത്യൻസ് മികച്ച ടീമാണ്, എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ക്യാപ്റ്റനെയും മോശം ക്യാപ്റ്റനെയും നിർണയിക്കുന്നത് ? എം എസ് ധോണി ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് നമ്മൾ പറയുന്നു, കാരണം രണ്ട് ലോകകപ്പും മൂന്ന് ഐ പി എല്ലും അദ്ദേഹം നേടിയിട്ടുണ്ട്. രോഹിത് അഞ്ച് ഐ പി എൽ ട്രോഫി മുംബൈയ്ക്ക് വേണ്ടി നേടി, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്യാപ്റ്റനാണവൻ, അതുകൊണ്ട് തന്നെ സ്ഥിരമായി ഇന്ത്യൻ വൈറ്റ് ബോൾ ക്യാപ്റ്റനാവാൻ സാധിച്ചില്ലെങ്കിൽ അതവന്റെ നഷ്ട്ടമല്ല, ഇന്ത്യൻ ടീമിന്റെ നഷ്ട്ടമാണ്. ” ഗംഭീർ പറഞ്ഞു.

” വൈറ്റ് ബോൾ ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയേക്കാൾ എത്രത്തോളം വ്യത്യസ്തമാണ് തന്റെ ക്യാപ്റ്റൻസിയെന്ന് രോഹിത് ശർമ്മ തെളിയിച്ചുകഴിഞ്ഞു. 5 തവണ ടീമിനെ കിരീടനേട്ടത്തിലെത്തിക്കാൻ അവന് സാധിച്ചു, വിരാട് കോഹ്ലിക്കാകട്ടെ അതിന് സാധിച്ചിട്ടുമില്ല . ” ഗംഭീർ കൂട്ടിച്ചേർത്തു.

ഗംഭീറിന്റെ അഭിപ്രായത്തോട് യോജിച്ച മൈക്കൽ വോൺ സംശയമൊന്നുമില്ലാതെ രോഹിത് ശർമ്മയെ ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്നും എങ്ങനെ ടി20 മത്സരങ്ങൾ വിജയിക്കണമെന്ന് അവന് ഉത്തമധാരണയുണ്ടെന്നും ആ തീരുമാനം വിരാട് കോഹ്ലിക്ക് കൂടുതൽ ഗുണകരമാകുമെന്നും മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചു.