Skip to content

അതാണ് തീരുമാനമെങ്കിൽ അടുത്ത സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിക്കില്ല ; കപിൽ ദേവ്

ഐ പി എല്ലിൽ മാത്രം കളിക്കുവാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ തീരുമാനമെങ്കിൽ അടുത്ത സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിച്ചേക്കില്ലയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഈ പ്രായത്തിൽ കൂടുതൽ മത്സരപരിചയമുണ്ടെങ്കിൽ മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കൂവെന്നും കപിൽ ദേവ് പറഞ്ഞു.

” എല്ലാ വർഷവും ഐ പി എല്ലിൽ മാത്രം കളിക്കുവാനാണ് എം എസ് ധോണിയുടെ തീരുമാനമെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിക്കുകയില്ല, വയസ്സിനെ പറ്റി സംസാരിക്കുന്നത് നല്ല കാര്യമല്ല, എന്നിരുന്നാലും എത്രത്തോളം കളിക്കുന്നുവോ അത്രത്തോളം ശരീരം അതിനോട് പൊരുത്തപെടും ” കപിൽ ദേവ് പറഞ്ഞു.

” ക്രിക്കറ്റിൽ നിന്ന് 10 മാസത്തോളം വിട്ടുനിന്ന് പെട്ടെന്നൊരുനാൾ ഐ പി എൽ കളിച്ചാൽ എന്താണ് ഉണ്ടാകുന്നതെന്ന് നിങ്ങൾ കണ്ടുകഴിഞ്ഞു. ക്രിക്കറ്റിൽ സജീവമാണെങ്കിൽ ഒരു സീസണിൽ ഉയർച്ചയും താഴ്ച്ചയും നിങ്ങൾക്കുണ്ടാകും, ക്രിസ് ഗെയ്ലിനും അക്കാര്യം സംഭവിച്ചു. ധോണി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം. ” കപിൽ ദേവ് കൂട്ടിച്ചേർത്തു.

ഈ ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 116 സ്‌ട്രൈക്ക് റേറ്റിൽ 200 റൺസ് നേടാൻ മാത്രമാണ് എം എസ് ധോണിയ്ക്ക് സാധിച്ചത്. 12 പൊയിന്റോടെ ഏഴാം സ്ഥാനക്കാരായാണ് ചെന്നൈ സൂപ്പർ കിങ്‌സ് സീസൺ അവസാനിപ്പിച്ചത്.