Skip to content

ദേവ്ദത് പടിക്കലിന്റെ ബാറ്റിങ് ഓർമിപ്പിക്കുന്നത് ആ ഇന്ത്യൻ താരത്തെ, വെങ്കടേഷ് പ്രസാദ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ ഓർമ്മിപ്പിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും അണ്ടർ 19 നാഷണൽ സെലക്ഷൻ കമ്മിറ്റി ചെയർമാനും കൂടിയായ വെങ്കടേഷ് പ്രസാദ്.

ഈ സീസണിൽ ഐ പി എൽ അരങ്ങേറ്റം കുറിച്ച പടിക്കൽ തകർപ്പൻ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്നും 33.71 ശരാശരിയിൽ 5 ഫിഫ്റ്റിയടക്കം 472 റൺസ് നേടിയ പടിക്കൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കെ എൽ രാഹുലിനും ശിഖാർ ധവാനും പുറകിൽ മൂന്നാം സ്ഥാനത്താണ്.

” ഇതൊരു തുടക്കം മാത്രമാണ്, ഒരു പ്ലേയറുടെ യഥാർത്ഥ കഴിവ് തെളിയിക്കപെടേണ്ടത് സമ്മർദ്ദം നിറഞ്ഞ വലിയ മത്സരങ്ങളിലാണ്, ഐ പി എല്ലിൽ ആ സമ്മർദ്ദം അവൻ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഒരു ഇടംകയ്യൻ ബാറ്റ്‌സ്മാനെന്നത് അവനെ സംബന്ധിച്ച് നല്ലൊരു മുതൽകൂട്ടാണ്. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച പ്രകടനം തുടരുകയും ചെയ്താൽ അവന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കും ” വെങ്കടേഷ് പ്രസാദ്‌ പറഞ്ഞു.

” സൗരവ് ഗാംഗുലിയ്ക്കും യുവരാജ് സിങിനും ശേഷം മികച്ച ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. പടിക്കൽ ഇടം കയ്യൻ ബാറ്റ്‌സ്മാൻ ആയതുകൊണ്ട് തന്നെ എല്ലാവരും അവനെ ഉറ്റുനോക്കുകയാണ്. പടിക്കലിന്റെ ചില ഷോട്ടുകൾ 20 കളിലെ യുവരാജ് സിങിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഉദാഹരണത്തിന് അവൻ കളിക്കുന്ന പുൾ ഷോട്ടും, ഫാസ്റ്റ് ബൗളർമാർക്കെതിരെ നേരിടുന്നതുമെല്ലാം ” അദ്ദേഹം കൂട്ടിച്ചേർത്തു.