Skip to content

വീണ്ടും സന്ദീപ് ശർമ്മയ്ക്ക് മുൻപിൽ പതറി വിരാട് കോഹ്ലി, യുവതാരത്തിന് തകർപ്പൻ നേട്ടം

മികച്ച പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളർ സന്ദീപ് ശർമ്മ കാഴ്ച്ചവെച്ചത്. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി ഈ സീസണിലെ ബാംഗ്ലൂരിന്റെ ലീഡിങ് റൺ സ്‌കോറർമാരായ ദേവ്ദത് പടിക്കലിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ സന്ദീപ് ശർമ്മ നേടിയിരുന്നു.

ഐ പി എല്ലിൽ ഇത് ഏഴാം തവണയാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് സന്ദീപ് ശർമ്മ നേടുന്നത്. ഏറ്റുമുട്ടിയ 12 ഇന്നിങ്സിൽ 50 പന്തിൽ 68 റൺസ് സന്ദീപ് ശർമ്മയ്ക്കെതിരെ കോഹ്ലി നേടിയപ്പോൾ ഏഴ് മത്സരങ്ങളിൽ കോഹ്ലിയുടെ വിക്കറ്റ് സന്ദീപ്‌ ശർമ്മ സ്വന്തമാക്കി.

ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഒരു ബാറ്റ്‌സ്മാനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന ബൗളറെന്ന നേട്ടത്തിൽ ഏഴ് തവണ എം എസ് ധോണിയെ പുറത്താക്കിയിട്ടുള്ള സഹീർ ഖാന്റെ റെക്കോർഡിനൊപ്പം സന്ദീപ് ശർമ്മയെത്തി.

കൂടാതെ മത്സരത്തിലെ 2 വിക്കറ്റോടെ ഐ പി എല്ലിൽ പവർപ്ലേയിൽ സഹീർ ഖാന് ശേഷം 50 വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും സന്ദീപ് ശർമ്മ സ്വന്തമാക്കി.

മത്സരത്തിൽ 5 വികാറ്റിനായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസിന്റെ വിജയലക്ഷ്യം 14.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു.

വിജയത്തോടെ പോയിന്റ് ടേബിളിൽ ഹൈദരാബാദ് നാലാം സ്ഥാനത്തെത്തിയപ്പോൾ ബാംഗ്ലൂർ രണ്ടാം സ്ഥാനം നിലനിർത്തി.