Skip to content

ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് പരാജയപെടുത്തി തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ നിശ്ചിത 20 ഓവറിൽ 120 റൺസിന് ചുരുക്കിയ ഹൈദരാബാദ് മറുപടി ബാറ്റിങിൽ 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

32 പന്തിൽ 39 റൺസ് നേടിയ വൃദ്ധിമാൻ സാഹയും 19 പന്തിൽ 26 റൺസ് നേടിയ മനീഷ് പാണ്ഡെയും 10 പന്തിൽ 26 റൺസ് നേടിയ ജേസൺ ഹോൾഡറുമാണ് റൺചേസിൽ ഹൈദരാബാദിന് വേണ്ടി തിളങ്ങിയത്.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 120 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 31 പന്തിൽ 32 റൺസ് നേടിയ ജോഷ് ഫിലിപ്പിയായിരുന്നു ബാംഗ്ലൂർ നിരയിലെ ടോപ്പ് സ്കോറർ.

ഹൈദരാബാദിന് വേണ്ടി സന്ദീപ്‌ ശർമ്മയും ജേസൺ ഹോൾഡറും 2 വിക്കറ്റ് വീതവും ടി നടരാജൻ, ഷഹബാസ് നദീം, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

വിജയത്തോടെ പോയിന്റ് ടേബിളിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി. മത്സരത്തിൽ പരാജയപെട്ടെങ്കിലും രണ്ടാം സ്ഥാനം നിലനിർത്താൻ ബാംഗ്ലൂരിന് സാധിച്ചു.