Skip to content

സഞ്ജു റണ്ണൗട്ടായത് നിർഭാഗ്യകരം, സ്റ്റീവ് സ്മിത്ത്

കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ സഞ്ജു സാംസൺ റണ്ണൗട്ടിലൂടെ പുറത്തായത് നിർഭാഗ്യകരമായെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 25 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 48 റൺസ് നേടിയ സഞ്ജു രവി ബിഷ്നോയ് എറിഞ്ഞ 15 ആം ഓവറിലെ രണ്ടാം പന്തിൽ സിംഗിളിന് ശ്രമിക്കവേയാണ് റണ്ണൗട്ടായത്. മത്സരത്തിൽ 7 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്.

” സഞ്ജുവിന്റെ റണ്ണൗട്ട് നിർഭാഗ്യകരമാണ്. എന്നാൽ ഏതൊരു സാഹചര്യത്തിലും അതിലെ പോസിറ്റീവ് നിങ്ങൾ കണ്ടെത്തണം. സഞ്ജു ഔട്ടായതിനാൽ അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജോസ് ബട്ട്ലർക്ക് ബാറ്റ് ചെയ്യുവാൻ സാധിച്ചു. അവൻ നന്നായി കളിച്ചു. അത് ശുഭസൂചനയാണ്. സഞ്ജു ടൂർണമെന്റിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. എന്നാൽ തുടർന്ന് ആ മികവ് തുടരാൻ സാധിച്ചിരുന്നില്ല. പക്ഷേ അതാണ് ടി20 ക്രിക്കറ്റ്. ബെൻ സ്റ്റോക്സ് ക്ലാസ് പ്ലേയറാണ്. മികച്ച ഷോട്ടുകളാണ് അവൻ പായിച്ചത്. ബൗളിങിലും അവൻ ജോലി ഭംഗിയായി നിർവഹിച്ചു. അവൻ ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്. ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.

മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവരിലാണ് രാജസ്ഥാൻ മറികടന്നത്.26 പന്തിൽ 50 റൺസ് നേടിയ ബെൻ സ്റ്റോക്സിന്റെയും 25 പന്തിൽ 48 റൺസ് നേടിയ സഞ്ജു സാംസന്റെയും മികവിലാണ് രാജസ്ഥാൻ അനായാസ വിജയം നേടിയത്.

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 20 പന്തിൽ 31 റൺസും ജോസ് ബട്ട്ലർ 11 പന്തിൽ 22 റൺസും റോബിൻ ഉത്തപ്പ 23 പന്തിൽ 30 റൺസും നേടി.

മത്സരത്തിൽ പരാജയപെട്ടെങ്കിലും കിങ്‌സ് ഇലവൻ പഞ്ചാബ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനം നിലനിർത്തി. വിജയത്തോടെ രാജസ്ഥാൻ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.