Skip to content

അടുത്ത ഐ പി എല്ലിന് മുൻപായി ധോണി അക്കാര്യം ചെയ്യണം, കുമാർ സംഗക്കാര പറയുന്നു

അടുത്ത ഐ പി എല്ലിൽ ശക്തമായി തിരിച്ചെത്തണമെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി കോമ്പിറ്റേറ്റീവ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. ഐ പി എൽ പതിമൂന്നാം സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. കൂടാതെ എം എസ് ധോണിയുടെ മോശം ഫോമും ടീമിന് തിരിച്ചടിയായി. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ഐ പി എൽ സീസൺ കൂടിയാണിത്.

” തീർച്ചയായും തന്റെ മോശം ഫോമിൽ ധോണി നിരാശനായിരിക്കും. എന്നാൽ ഇനി ഒരു മത്സരം മാത്രമാണ് അവർക്ക് അവശേഷിക്കുന്നത് അതിൽ ഫോമാകുന്നതിൽ ഇനി അർത്ഥമില്ല. മത്സരങ്ങളിൽ വിജയിക്കുകയാണ് വേണ്ടത്. ആ പ്രശ്നം പരിഹരിച്ച് അടുത്ത സീസണിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിക്കും ” സംഗക്കാര പറഞ്ഞു.

എന്നാൽ ഐ പി എൽ സീസണുകൾക്കിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാതെ ദീർഘകാലം ഇടവേളയെടുക്കുകയെന്നത് ഗുണകരമാകില്ലെന്നും കോമ്പിറ്റേറ്റീവ് ക്രിക്കറ്റിൽ കളിച്ചെങ്കിൽ മാത്രമേ ഫോമിൽ തിരിച്ചെത്താൻ ധോണിയ്ക്ക് സാധിക്കൂവെന്നും സംഗക്കാര പറഞ്ഞു.

” തനിക്ക് വേണ്ടി നേടുന്ന ഫിഫ്റ്റിയേക്കാൾ ടീമിന്റെ വിജയത്തിനാണ് ധോണി പ്രാധാന്യം നൽകുന്നത്. അങ്ങനെയാണ് അവൻ വളർന്നുവന്നത് അതാണ് ധോണി ചിന്തിക്കുന്നത്. 10 റൺസ് മാത്രം നേടി ടീമിന്റെ വിജയത്തിൽ ഭാഗമാകാൻ സാധിക്കുന്നുവെങ്കിൽ കൂടിയും അദ്ദേഹം സന്തോഷവാനായിരിക്കും ” സംഗക്കാര കൂട്ടിചേർത്തു.