Skip to content

ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മുൻ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്മാറിയ ദിനേശ് കാർത്തിക്കിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ കൊൽക്കത്ത ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ.

ടൂർണമെന്റ് പാതിഘട്ടത്തിലെത്തി നിൽക്കവേയാണ് ദിനേശ് കാർത്തിക്ക് ക്യാപ്റ്റൻസി ഓയിൻ മോർഗന് കൈമാറിയത്. ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ദിനേശ് കാർത്തിക് നായകസ്ഥാനത്തുനിന്നും പിൻമാറിയത്. എന്നാൽ ആ തീരുമാനം ശരിവെയ്ക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ കാർത്തിക്കിന് സാധിച്ചതുമില്ല.

” അത് കാണിച്ചത് മാനസികാവസ്ഥയാണ്. ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു. എന്നാൽ ആ തീരുമാനമാകട്ടെ വിജയിച്ചതുമില്ല. എന്നാൽ ചില സമയങ്ങളിൽ നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് നല്ലതാണ്. ഇതേ മോശം അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. 2014 സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഞാൻ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അന്ന് ഫോമിൽ തിരിച്ചെത്താൻ എന്നെ സഹായിച്ചത് ക്യാപ്റ്റൻസിയാണ്. ” ഗംഭീർ പറഞ്ഞു.

” ക്യാപ്റ്റനായിരിക്കുമ്പോൾ ബാറ്റ് ചെയ്യാത്ത സമയങ്ങളിൽ ടീമിനെ എങ്ങനെ ക്യാപ്റ്റൻസിയിലൂടെ വിജയത്തിലെത്തിക്കാം എന്തൊക്കെ തീരുമാനങ്ങളെടുക്കാം എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ നിങ്ങൾ ക്യാപ്റ്റനല്ലെങ്കിൽ നിങ്ങളുടെ ചിന്ത എപ്പോഴും ബാറ്റിങിൽ മാത്രമായിരിക്കും ” ഗംഭീർ കൂട്ടിച്ചേർത്തു.

13 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. നവംബറിൽ ഒന്നിന് ദുബായിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ മികച്ച റൺനിരക്കിൽ പരാജയപെടുത്തുകയും മറ്റു മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കൂ.