Skip to content

അദ്ദേഹം കുട്ടി ക്രിക്കറ്റിലെ ബ്രാഡ്മാൻ , ക്രിസ് ഗെയ്ലിനെ അഭിനന്ദിച്ച് വീരേന്ദർ സെവാഗ്

ക്രിസ് ഗെയ്ൽ ടി20 ക്രിക്കറ്റിന്റെ ഡോൺ ബ്രാഡ്മാനാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് യൂണിവേഴ്‌സൽ ബോസിനെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രശംസിച്ചത്.

മത്സരത്തിൽ 63 പന്തിൽ 6 ഫോറും 8 സിക്സുമുൾപ്പടെ 99 റൺസ് നേടിയാണ് ക്രിസ് ഗെയ്ൽ പുറത്തായത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 1000 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും ക്രിസ് ഗെയ്ൽ സ്വന്തമാക്കി.

ടി20 ക്രിക്കറ്റിൽ ഇതുവരെ 409 മത്സരങ്ങളിൽ നിന്നും 84 ഫിഫ്റ്റിയും 22 സെഞ്ചുറിയുമടക്കം 13,000 ത്തിലധികം റൺസ് ഗെയ്ൽ നേടിയിട്ടുണ്ട്.

മത്സരത്തിൽ ഗെയ്ലിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലും രാജസ്ഥാൻ റോയൽസിനെതിരെ വിജയം നേടാൻ പഞ്ചാബിന് സാധിച്ചില്ല. പഞ്ചാബ്‌ ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.

26 പന്തിൽ 50 റൺസ് നേടിയ ബെൻ സ്റ്റോക്സിന്റെയും 25 പന്തിൽ 48 റൺസ് നേടിയ സഞ്ജു സാംസന്റെയും മികവിലാണ് രാജസ്ഥാൻ റോയൽസ് 7 വിക്കറ്റിന്റെ വിജയം നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 20 പന്തിൽ 31 റൺസും ജോസ് ബട്ട്ലർ 11 പന്തിൽ 22 റൺസും റോബിൻ ഉത്തപ്പ 23 പന്തിൽ 30 റൺസും നേടി.